Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ ജയിലിൽ 87 ദിവസം നിരാഹാരമനുഷ്ഠിച്ച തടവുകാരൻ മരണത്തിന് കീഴടങ്ങി

ജിദ്ദ - ഇസ്രായിൽ ജയിലിൽ തുടർച്ചയായി 87 ദിവസം നിരാഹാര സമരം നടത്തിയ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് നേതാവായ ഫലസ്തീനി തടവുകാരൻ ഖിദ്ർ അദ്‌നാൻ മരണത്തിന് കീഴടങ്ങിയതായി ഇസ്രായിൽ ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഖിദ്ർ അദ്‌നാൻ അന്ത്യശ്വാസം വലിച്ചത്. മെഡിക്കൽ പരിശോധനകൾക്കും ചികിത്സക്കും വിസമ്മതിച്ച ഖിദ് ർ അദ്‌നാനെ ഇന്നലെ രാവിലെ ജയിൽ സെല്ലിൽ ബോധരഹിതനായി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇസ്രായിൽ ജയിൽ അധികൃതർ പറഞ്ഞു.
ഇസ്രായിൽ ജയിൽ വകുപ്പും സയണിസ്റ്റ് സുരക്ഷാ വകുപ്പുകളും തമ്മിലുള്ള വ്യക്തമായ ഒത്താശയോടെ ഖിദ്ർ അദ്‌നാനെ വധിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഗാസയിൽ തടവുകാരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വാഇദ് സൊസൈറ്റി പറഞ്ഞു. 45 കാരനായ ഖിദ്ർ അദ്‌നാൻ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെറീക്കോ നിവാസിയാണ്. വെസ്റ്റ് ബാങ്കിൽ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് നേതാവായിരുന്നു. ഭീകരതയെ പിന്തുണക്കുന്നതായും ഭീകര സംഘത്തിൽ ചേർന്നതായും ആരോപിച്ച് ഇദ്ദേഹത്തെ ഇസ്രായിൽ സുരക്ഷാ വകുപ്പുകൾ പലതവണ അറസ്റ്റ് ചെയ്തിരുന്നു. 2004 മുതൽ ഖിദ്ർ അദ്‌നാൻ അഞ്ചു തവണ നിരാഹാര സമരം നടത്തിയിട്ടുണ്ട്. 
ഖിദ്ർ അദ്‌നാന്റെ വീരമൃത്യു വാർത്ത പുറത്തുവന്നതോടെ ഗാസയിൽ നിന്ന് ദക്ഷിണ ഇസ്രായിൽ ലക്ഷ്യമിട്ട് മൂന്നു തവണ മിസൈൽ ആക്രമണമുണ്ടായതായി ഇസ്രായിൽ സൈന്യം അറിയിച്ചു. മൂന്നു മിസൈലുകളും തുറസ്സായ സ്ഥലങ്ങളിലാണ് പതിച്ചതെന്നും ഇസ്രായിൽ സൈന്യം പറഞ്ഞു. ഇസ്രായിലിനെതിരായ പോരാട്ടം തുടരുമെന്നും, തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് മറുപടി നൽകാതെ പോകില്ലെന്ന് ശത്രു വീണ്ടും മനസ്സിലാക്കുമെന്നും ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു. ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അൽഖുദ്‌സ് ബ്രിഗേഡ്‌സ് അദ്‌നാൻ ഖിദ്‌റിന്റെ വീരമൃത്യുക്ക് തിരിച്ചടി നൽകാൻ തങ്ങളുടെ പോരാളികളുടെ നിരകളിൽ ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു. 
ഇസ്രായിലിന്റെ തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഗാസയിൽ ഫലസ്തീൻ പോരാട്ട വിഭാഗങ്ങളുടെ ആസ്ഥാനങ്ങളും കേന്ദ്രങ്ങളും ഭൂരിഭാഗം സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ഒഴിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. യാതൊരുവിധ ആരോപണങ്ങളും ഉന്നയിക്കാതെയും വിചാരണ കൂടാതെയും 1,000 ലേറെ ഫലസ്തീനികൾ ഇസ്രായിൽ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ഇസ്രായിലി മനുഷ്യാവകാശ സംഘടനയായ ഹാമോകഡ് പറഞ്ഞു. 

Latest News