ബെംഗളുരു - മത വിദ്വേഷം ഉയര്‍ത്തുന്ന കേരള സ്റ്റോറി സിനിമയില്‍ 32,000 പെണ്‍കുട്ടികള്‍ മതംമാറി ഐ എസിലേക്ക് പോയെന്ന വിവരം തിരുത്തി സിനിമയുടെ നിര്‍മ്മാതാക്കള്‍. ഐ എസിലേക്ക് പോയ മൂന്ന് പേരുടെ കഥയാണ് ഇതെന്നാണ് ഇപ്പോള്‍ യൂട്യൂബില്‍ ഇറക്കിയ ട്രെയിലറിലെ വിവരണത്തില്‍ പറയുന്നത്. നേരത്തെ ട്രെയിലറില്‍ 32,000 എന്നെഴിതിയാതാണ് ഒറ്റയടിക്ക് 3 എന്നാക്കി ചുരുക്കിയിരിക്കുന്നത്. ഇതോടെ ഇതിന് പിന്നിലെ കള്ളക്കഥകള്‍ പുറത്ത് വന്നിരിക്കുകയാണ്. വലിയ വിവാദങ്ങളാണ് കേരള സ്റ്റോറി സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഉയര്‍ന്നത്. മതവിദ്വേഷം പ്രചരിപ്പിക്കാനായി ആര്‍.എസ്.എസിന് വേണ്ടി വന്‍ നുണകള്‍ സിനിമയില്‍ അഴിച്ചു വിടുന്നുവെന്നാണ് ആരോപണം. സിനിമയ്‌ക്കെതിരെ വിവിധ സംഘടനകളും പ്രമുഖ വ്യക്തികളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്കെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയരുന്നതിനിടയില്‍ തന്റെ നിലപാടുകളെ ന്യായികരിച്ച് സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെന്‍ രംഗത്തെത്തിയിരുന്നു. മതം മാറി കേരളത്തില്‍ നിന്നും ഐ എസില്‍ പോയവരുടെ എണ്ണം 32000 അല്ല അതിലധികം ഉണ്ടാകുമെന്നും ഇങ്ങനെയുള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കന്നടയിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളെ മതം മാറ്റി ഐ എസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടായി. പ്രത്യേകിച്ച് വടക്കന്‍ കേരളത്തിന്റെ കാര്യത്തിലാണ് ഇത് സംഭവിക്കുന്നതെന്നും സുദീപ്തോ സെന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയമോ മതപരമായ വിഷയമോ അല്ല സിനിമ കൈകാര്യം ചെയ്യുന്നത്. മുസ്ലിം തീവ്രവാദമാണ് സിനിമയുടെ വിഷയം. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. മണലില്‍ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെ പോലെ ആകരുത്. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം സിനിമ കാണണം. പ്രൊപ്പഗെണ്ടയാണോ അതോ യഥാര്‍ത്ഥ ജീവിതം ആണോ എന്ന കാര്യം എന്നിട്ട് തീരുമാനിക്കണമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.






