Sorry, you need to enable JavaScript to visit this website.

കാമുകി തേച്ചൊട്ടിച്ചു, കാമുകരായ  യുവാക്കള്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു 

ന്യൂദല്‍ഹി-സാക്കിര്‍ നഗര്‍ മേഖലയില്‍ പെണ്‍കുട്ടിയുടെ പേരില്‍ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് ഷെയാന്‍ (19) ആണ് കൊല്ലപ്പെട്ടത്. അദീബ് (18), മുഹമ്മദ് സെഹാല്‍ സഫര്‍ (19), മുഹമ്മദ് അഫ്‌സല്‍ (20), 17കാരനായ ഒരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. ബിലാല്‍ എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പിന്നീട് ഇയാളുമായി തെറ്റിപ്പിരിഞ്ഞ് അദീബുമായി ബന്ധത്തിലായി. അദീബിനെ പ്രണയിക്കാന്‍ വേണ്ടിയാണ് തന്നെ ഉപേക്ഷിച്ചതെന്നാണ് ബിലാല്‍ വിശ്വസിച്ചിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഇയാള്‍ അദീബിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഈ പ്രശ്‌നം പറഞ്ഞ് തീര്‍ക്കുന്നതിനായാണ് 28ന് രാത്രി ഇവര്‍ കണ്ടുമുട്ടിയത്. ഷെബി, തബീഷ്, ഹംസ, സാബിര്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിലാല്‍ എത്തിയത്. പിന്നീട് ഇയാളുടെ വേറെയും എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. സംസാരിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് തബീഷ് കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ പ്രതികള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.ഐപിസി 302, 307, 147, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരം ജാമിയ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
 

Latest News