കര്‍ണ്ണാടകയില്‍ ഭരണം മാറുമെന്ന് പേടി, മഅ്ദനിക്കതിരെ അവസാനത്തെ അടവുമായി ബി.ജെ.പി സര്‍ക്കാര്‍

ന്യൂദല്‍ഹി - കര്‍ണ്ണാടകത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന പേടിയില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കതിരെ സുപ്രീം കോടതിയില്‍ നിലപാട് കടുപ്പിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. ഭരണം മാറിയാലും, അബ്ദുള്‍ നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസിലെ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന നിര്‍ദേശം നല്‍കണമെന്നാണ് കര്‍ണ്ണാടക അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. കര്‍ണ്ണാടകത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന അഭിപ്രായ സര്‍വ്വേകള്‍ പുറത്ത് വന്നതിന് ശേഷമാണ് ബസവരാജ് ബൊമ്മെ സര്‍ക്കാറിലെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഇത്തരമൊരു ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.  ചികിത്സക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി 82 ദിവസം കേരളത്തില്‍ കഴിയാന്‍ അബ്ദൂള്‍ നാസര്‍ മഅ്്ദനിയെ സുപ്രീം കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന് അകമ്പടി പോകുന്ന പോലീസുകാരുടെ ചെലവടക്കം 60 ലക്ഷം രൂപ മഅ്ദനി കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ഇതിനെതിരെ അബ്ദൂള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സുരക്ഷാ ചെലവിന്റെ കാര്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

 

 

Latest News