Sorry, you need to enable JavaScript to visit this website.

ചന്ദ്രന്റെ ഒരൊറ്റ വാക്കിലായിരുന്നു വി.എസ് മാരാരിക്കുളത്ത്‌നിന്ന് പാലക്കാട്ടേക്ക് വന്നത്

പാലക്കാട്- മാരാരിക്കുളം തെളഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം നേരിട്ട് വി.എസ്.അച്യുതാനന്ദൻ 2001ൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സമയം. ആലപ്പുഴ ജില്ലയിൽ വി.എസ് മൽസരിച്ചാൽ വീണ്ടും കാലുവാരൽ ഉണ്ടാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ സ്വാഭാവികമായും ഭയന്നിരുന്നു. പാലക്കാട് ജില്ലയിലെ മലമ്പുഴയിലേക്ക് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് തട്ടകം മാറ്റുന്നത് ഒരു വ്യക്തിയുടെ വാക്കിൽ വിശ്വാസമർപ്പിച്ചായിരുന്നു. ദീർഘകാലം സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന എം.ചന്ദ്രനായിരുന്നു ആ മനുഷ്യൻ. അത്രക്ക് വിശ്വാസമായിരുന്നു വി.എസിന് ആ പാലക്കാട്ടുകാരനെ. ആ വിശ്വാസം അവസാന നാൾ വരെ തെറ്റിയില്ല. മറ്റു പല പ്രമുഖനേതാക്കളും സി.പി.എമ്മിലെ ചേരിപ്പോരിന്റെ തുടർച്ചയായി വി.എസിനെ വിട്ട് മറുകണ്ടം ചാടിയപ്പോഴും പ്രിയപ്പെട്ട നേതാവിനൊപ്പം അവസാനം വരെ ഉറച്ചു നിന്ന അപൂർവ്വം മുൻനിരക്കാരിലൊരാളായിരുന്നു എം.ചന്ദ്രൻ. സംഘടനാ തലത്തിൽ ചന്ദ്രന് വിലയും കൊടുക്കേണ്ടി വന്നു. പിണറായി പക്ഷം പാർട്ടിയിൽ പിടിമുറുക്കിയതോടെ അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പുറത്തായി. അതിനു ശേഷവും നിലപാടിൽ മാറ്റമൊന്നുമുണ്ടായില്ല. 
പാലക്കാട്ട് സി.പി.എമ്മിന്റെ ചരിത്രമെഴുതുമ്പോൾ എം.ചന്ദ്രൻ എന്ന പേരിന് വലിയ പ്രാധാന്യമുണ്ടാകും. 1987 മുതൽ 98 വരെയാണ് അദ്ദേഹം സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചത്. പാർട്ടിയുടെ സംഘടനാ സംവിധാനം ഈ കാലയളവിലാണ് ശക്തിപ്പെടുന്നത്. പതിവായി യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്ന പാലക്കാട്, ഒറ്റപ്പാലം ലോകസഭാ മണ്ഡലങ്ങൾ ഇടത്തോട്ട് തിരിഞ്ഞത് ചന്ദ്രന്റെ കാലത്താണ്. നിയമസഭാ മണ്ഡലങ്ങളിലും ഈ കാലയളവിൽ സി.പി.എം പിടിമുറുക്കി. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും കുറേക്കാലം സി.പി.എം ജില്ലാ ഘടകത്തിൽ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു എം.ചന്ദ്രൻ. അക്കാലത്തെല്ലാം വി.എസ്.പക്ഷത്തിന്റെ കോട്ടയായിരുന്നു പാലക്കാട് ജില്ല. 2004ൽ വി.എസിന് മലമ്പുഴയിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട സമയത്ത് ഏറ്റവും കൂടുതൽ പ്രതിഷേധ പരിപാടികൾ അരങ്ങേറിയ ജില്ലകളിലൊന്നായിരുന്നു പാലക്കാട്. അതിന്റെ പ്രധാന ആസൂത്രകൻ എം.ചന്ദ്രനാണെന്ന് മറുപക്ഷം ആരോപിച്ചു. 
പാർട്ടി ചേരിപ്പോരിൽ വ്യക്തമായ നിലപാടുണ്ടായിരുന്നുവെങ്കിലും മറുപക്ഷത്തെ നേതാക്കളെ വ്യക്തിപരമായി നോവിക്കാതിരിക്കാൻ എം.ചന്ദ്രൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ വി.എസ്.പക്ഷത്തെ മറ്റു പല നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് ശത്രുക്കൾ കുറവായിരുന്നു. വി.എസുമായുള്ള ആത്മബന്ധം ജീവിതത്തിന്റെ അവസാനനിമിഷം വരെ നിലനിർത്തിയാണ് എം.ചന്ദ്രൻ കടന്നു പോകുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന പ്രിയനേതാവിനെക്കാണാൻ അദ്ദേഹം ഇടക്ക് പോകാറുണ്ടായിരുന്നു. ഒരു കമ്മിറ്റിയിൽപ്പോലും വി.എസ് എന്ന നേതാവിനെ തള്ളിപ്പറയാതെയാണ് എം.ചന്ദ്രൻ രാഷ്ടീയകേരളത്തോട് വിട പറഞ്ഞത്. തള്ളിപ്പറഞ്ഞുവെങ്കിൽ ഒരു തവണയെങ്കിലും അദ്ദേഹം സംസ്ഥാന മന്ത്രിസഭയിൽ ഇടംപിടിക്കുമായിരുന്നു.
 

Latest News