ജിദ്ദ- സുഡാനില്‍ ഇരു സൈനിക വിഭാഗങ്ങള്‍ തമ്മില്‍ പോര് തുടരവെ, വിവിധ രാജ്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യയുടെ ഓപറേഷന്‍ കാവേരി അവസാനഘട്ടത്തിലേക്ക് അടുത്തു. രക്ഷാദൗത്യത്തിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി ഇന്നലെ റിയാദിലേക്ക് പോയി.
സുഡാനില്‍നിന്ന് ഒഴിപ്പിച്ച 186 യാത്രക്കാരുമായുള്ള വിമാനം ഇന്നലെ രാവിലെ കൊച്ചിയില്‍നിന്ന് ജിദ്ദയിലെത്തി. സംഘത്തില്‍ മലയാളികളുമുണ്ട്. സുഡാനില്‍നിന്ന് പതിനേഴാമത്തെ ഇന്ത്യന്‍ സംഘം വ്യോമസേന വിമാനത്തില്‍ ജിദ്ദയിലെത്തി. പോര്‍ട്ട് സുഡാനില്‍നിന്ന് 122 പേരാണ് സി 130-ജെ വിമാനത്തിലെത്തിയത്. ഇവരെ ഉടനെ നാട്ടിലെത്തിക്കും.
സുഡാനില്‍ പോരാട്ടത്തിലുള്ള ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ലംഘിച്ചതായി പരസ്പരം ആരോപിക്കുകയാണ്. ഇരുസൈന്യങ്ങളുടേയും ജനറല്‍മാര്‍ യു.എസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ അയക്കാന്‍ സമ്മതിച്ചതായി സൂചനയുണ്ട്. സൗദി അറേബ്യയിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന് ഉന്നത യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'സ്ഥിരവും വിശ്വസനീയവുമായ' വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിലാണ് മധ്യസ്ഥര്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കിലും ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഇപ്പോഴും വെല്ലുവിളികളുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ആഴ്ചയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തീരുമാനം ചില പ്രദേശങ്ങളില്‍ മാത്രമേ പോരാട്ടം ലഘൂകരിച്ചുള്ളു. മറ്റിടങ്ങളില്‍ കടുത്ത യുദ്ധം തുടരുകയും സിവിലിയന്മാരെ വീടുകളില്‍ നിന്ന് പുറത്താക്കുകയും രാജ്യത്തെ കൂടുതല്‍ ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ്. യുദ്ധത്തിന്റെ തുടക്കത്തില്‍ തകര്‍ന്ന ഡാര്‍ഫര്‍ മേഖലയില്‍ തങ്ങളുടെ മൂന്ന് ടീം അംഗങ്ങള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനം യു.എന്‍ ഭക്ഷ്യ ഏജന്‍സി പുനരാരംഭിച്ചു.