സൗദിയില്‍ വാഹനാപകടത്തില്‍ ഏഴു മരണം; ആറു പേര്‍ സഹോദരങ്ങള്‍

തായിഫ് - തായിഫ്, അല്‍ബാഹ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറു സഹോദരങ്ങള്‍ അടക്കം ഏഴു പേര്‍ മരണപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി പൗരനും ഭാര്യയും പത്തു മക്കളും സഞ്ചരിച്ച കാറും മറ്റൊരാള്‍ സഞ്ചരിച്ച കാറുമാണ് അപകടത്തില്‍ പെട്ടത്. പന്ത്രണ്ടംഗ കുടുംബത്തിലെ ആറു മക്കള്‍ മരണപ്പെടുകയും മാതാപിതാക്കള്‍ക്കും മൂന്നു മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കുടുംബത്തിലെ നാലു വയസുകാരിയായ ബാലിക പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാമത്തെ കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരണപ്പെട്ടു.
മദീനയില്‍ നിന്ന് അല്‍ബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് തന്റെ സഹോദരന്‍ അഹ്മദ് അല്‍ഗാംദിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതെന്ന് സൗദി പൗരന്‍ മുഹമ്മദ് സാലിം അല്‍ഗാംദി പറഞ്ഞു. രണ്ടര മുതല്‍ പതിനേഴു വയസു വരെ പ്രായമുള്ള റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാന്‍ എന്നീ മക്കളാണ് മരണപ്പെട്ടത്. സഹോദരനെയും ഭാര്യയെയും പെണ്‍മക്കളായ റിനാദ്, മുനീറ, മകന്‍ സുല്‍ത്താന്‍ എന്നിവരെയും തായിഫ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചതായും മുഹമ്മദ് അല്‍ഗാംദി പറഞ്ഞു.

 

Latest News