കോട്ടയം - സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിര(26)യാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
മണിപ്പൂരിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. ഇന്ന് രാവിലെയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. അരുണുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചിരുന്നു.
യുവതിക്ക് വിവാഹ ആലോചനകൾ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ തന്റെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ യുവതി ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ വൈക്കം എ.എസ്.പി നേരിട്ട് ഇടപെട്ടതായാണ് പോലീസ് പറയുന്നത്.
പോലീസ് യുവതിയെ വിളിച്ച് സംസാരിച്ചതായാണ് വിവരം. എന്നാൽ ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട്ട് വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലിൽനിന്ന് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു
കോഴിക്കോട് - വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിൽനിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫ-സൈനബ ദമ്പതികളുടെ മകൻ നഹൽ മുഹമ്മദ് ആണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത അമ്പലക്കണ്ടിയിലെ സ്‌നേഹതീരം ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.