Sorry, you need to enable JavaScript to visit this website.

ബാർ കോഴക്കേസ്; ജോസ് കെ മാണിയെ അടർത്തിയെടുക്കാനുള്ള ബി.ജെ.പി തന്ത്രം

കൊച്ചി- മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ബാർകോഴ കേസ് അന്വേഷിക്കാൻ സി.ബി.ഐ വന്നാൽ എൽ.ഡി.എഫും യു.ഡി.എഫും ഒരു പോലെ പ്രതിസന്ധിയിലാകും. ചില കോൺഗ്രസ് നേതാക്കളെയും എൽ ഡി എഫിന്റെ ഭാഗമായി നിൽക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തെയും ലക്ഷ്യമിട്ട് നടക്കുന്ന ഈ രാഷ്ട്രീയ നീക്കം ജോസ് കെ മാണിയെ സമ്മർദത്തിലാക്കി ബി ജെ പി സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായും വിലയിരുത്തപ്പെടുന്നു. 
സുപ്രീം കോടതി അനുവദിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് കാണിച്ച് സി ബി ഐ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പഴയതാണ്. എസ് പി ഷിയാസ് കൊച്ചി യൂണിറ്റ് എസ് പിയായിരിക്കെ വർഷങ്ങൾക്ക് മുമ്പാണ് ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് കാണിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയത്. എസ്.പി ഷിയാസിനെ പിന്നീട് ചെന്നൈയിലേക്ക് സ്ഥലം മാറ്റി. മധ്യപ്രദേശ് കേഡറിലുള്ള അദ്ദേഹം ഈ മാസം മുതൽ സി ബി ഐയിൽ ഇല്ല. 
ഈ പഴയ റിപ്പോർട്ട് പൊടിതട്ടിയെടുത്താണ് സി.ബി.ഐ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സി.ബി.ഐ. സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരിക്കുന്നത്.  കെ.എം. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന് ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
2014-ൽ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയതായി കേരള ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചതോടെയാണ് ബാർകോഴക്കേസിന്റെ തുടക്കം. അടഞ്ഞു കിടന്ന 418 ബാറുകൾ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയതെന്നും അഞ്ച് കോടി രൂപ ആയിരുന്നു കെ.എം. മാണി ആവശ്യപ്പെട്ടിരുന്നതെന്നം ബിജു രമേശ് വെളിപ്പെടുത്തുകയുണ്ടായി. 
2015ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാർ ലൈസൻസുകൾ പുതുക്കുന്നതിനും ലൈസൻസ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയെന്നും രണ്ട് ഗഡുക്കളായി ഈ തുക എക്‌സൈസ് മന്ത്രിയുടെ ഓഫീസിൽ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും, എക്‌സൈസ് മന്ത്രി കെ. ബാബുവിന് അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ൽ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

യു ഡി എഫിനും എൽ ഡി എഫിനും ഒരു പോലെ തലവേദന സൃഷ്ടിക്കുന്നതാണ് സി ബി ഐ നീക്കം. ആരോപണ വിധേയനായ കെ എം മാണിയുടെ പാർട്ടി ഇപ്പോൾ എൽ ഡി എഫിലാണെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി മുന്നണിയിലേക്ക് കൊണ്ടുവരാൻ തീവ്രശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ കെ എം മാണി മുഖ്യപ്രതിയായിരുന്ന ബാർ കോഴ കേസിൽ സി ബി ഐ അന്വേഷണം വന്നാൽ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളിലേക്കും കുടുംബസ്വത്തിലേക്കും വരെ അന്വേഷണമെത്തും. കെ എം മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടായിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ബിജു രമേശ് ഉന്നയിച്ചിരുന്നു. ബി ജെ പിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ബിജു രമേശ് സി ബി ഐ അന്വേഷണം വന്നാൽ ഇരു മുന്നണികളെയും കുടുക്കുന്ന മൊഴികളാകും നൽകുകയെന്ന് കേസിലുൾപ്പെട്ട നേതാക്കൾക്ക് ആശങ്കയുണ്ട്.
 

Latest News