തിരുവനന്തപുരം- കക്കുകളി നാടകം ക്രിസ്ത്യൻ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നും അതിന് സർക്കാർ തന്നെ പിന്തുണ നൽകുന്നത് ലജ്ജാവഹമാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരികസാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹം. ഏറ്റവും പാവപ്പെട്ടവർക്ക് പോലും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാൻ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവർ. ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് 'കക്കുകളി' എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ മനസ്സിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ സൃഷ്ടികൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിദ്വേഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാൽ നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളിൽ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം തങ്ങളെ അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോൾ അവരുടെ വിഹ്വലതകൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് കേരള സർക്കാർ തന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്.
നാടകം പറയുന്നത് കമ്മ്യൂണിസത്തിന്റെ മേന്മകളെ കുറിച്ച് കൂടിയാണ്. നാടകം പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യൻ പുരോഹിത വർഗത്തിലെ അത്യപൂർവമായ ചില പുഴുക്കുത്തുകളെയാണ്. അടിമുടി ജീർണ്ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാൽ ഒടുങ്ങാത്ത നന്മകൾ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യൻ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് മനുഷ്യമനസ്സുകളിൽ വർഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സി.പി.എമ്മും ബി.ജെ.പിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമായിരുന്നു. ക്രിസ്ത്യൻ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികൾ മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഉള്ളതാകരുതെന്ന് നാടക പ്രവർത്തകരെ ഓർമ്മപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.