Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ യുവാവിനെ കരുതിക്കൂട്ടി കാറിടിച്ച് പരിക്കേൽപിച്ചു

ജിദ്ദ - ജനവാസ കേന്ദ്രത്തിൽ റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന സൗദി യുവാവിനെ കരുതിക്കൂട്ടി കാറിടിച്ച് പരിക്കേൽപിച്ചു. തെരുവിൽ മറ്റാരുമില്ലാത്ത സമയത്ത് കാറുമായെത്തിയ ഡ്രൈവർ അൽപം വേഗത കുറച്ച ശേഷം പെട്ടെന്ന് വേഗം കൂട്ടി യുവാവിനെ കാർ ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശേഷം കാർ പിന്നോട്ടെടുത്തതോടെ യുവാവ് ഒരുവിധേന റോഡിൽ നിന്ന് എഴുന്നേറ്റു. ഇതോടെ ഡ്രൈവർ കാർ ഉപയോഗിച്ച് വീണ്ടും യുവാവിനെ ശക്തിയിൽ ഇടിച്ചുതെറിപ്പിക്കുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നു. ശിരോവസ്ത്രവും അതിനു മുകളിൽ ധരിക്കുന്ന വട്ടും നിലത്തു നിന്ന് പെറുക്കിയെടുത്ത് യുവാവ് പിന്നീട് വേച്ചുവേച്ച് നടന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. പുറത്തു നിന്നുള്ള ശബ്ദം കേട്ട് സമീപത്തെ കെട്ടിടത്തിൽ വാച്ച്മാനായി ജോലി ചെയ്യുന്ന വിദേശി പുറത്തിറങ്ങിവന്ന് കാര്യങ്ങൾ തിരക്കുകയും അപകടമുണ്ടാക്കി രക്ഷപ്പെട്ട കാർ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പട്ടാപ്പകൽ നേരത്ത് സൗദി യുവാവിനെ കരുതിക്കൂട്ടി കാറിടിച്ച് പരിക്കേൽപിക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.

Latest News