നഗരത്തിലെത്തിയ യുവാവിന്  വാടക വീട് ലഭിച്ചില്ല, കാരണമുണ്ട്

ബംഗളുരു-വാടക വീട് അന്വേഷിച്ച  യുവാവിനോട് വീട്ടിന്റെ ഉടമസ്ഥന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കുറച്ച് കടന്നുപോയെന്ന് സോഷ്യല്‍മീഡിയ. ആവശ്യക്കാര്‍ ഏറെ ഉള്ളതിനാല്‍ മെട്രോ നഗരത്തില്‍ വാടകയ്ക്ക് വീട് കിട്ടുക എന്നത് പ്രയാസമാണ്. ഐടി ഹബ്ബായും സ്റ്റാര്‍ട്ട് അപ്പുകളുടെ ഇടമായും അറിയപ്പെടുന്ന ബംഗളൂരുവില്‍ വീടിന് ഉയര്‍ന്ന വാടക വാങ്ങിക്കുന്നത് സാധാരണമായിരിക്കുകയാണ്. ഇവിടെ ഒരു യുവാവിന് വീട് നല്‍കാതിരിക്കാനുള്ള  കാരണം വാടകയൊന്നുമല്ല, പ്ലസ്ടുവിന് ലഭിച്ച മാര്‍ക്കായിരുന്നു. യുവാവിന്റെ കസിനാണ് സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാരണം അവിശ്വസനീയമെന്ന് തോന്നുമെങ്കിലും, ഒരു ബ്രോക്കറുമായി കസിന്‍ നടത്തിയ വാട്ട്സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇദ്ദേഹം പങ്കിട്ടിട്ടുണ്ട്. ആധാര്‍, പാന്‍ കാര്‍ഡുകള്‍ കൂടാതെ ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ പ്രൊഫൈലുകള്‍, താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ജോയിനിംഗ് ലെറ്റര്‍, 10, 12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റുകള്‍ എന്നിവ പങ്കിടാന്‍ കസിന്‍ യോഗേഷിനോട് ഒരു ബ്രോക്കര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍ ഉപയോക്താവ് ശുഭ് പറയുന്നു. അതു മാത്രമല്ല തന്നെക്കുറിച്ച് 200 വാക്കില്‍ എഴുതി നല്‍കാനും പറഞ്ഞിട്ടുണ്ട്.  പിന്നീടാണ വീട് ലഭിക്കില്ലെന്ന് പറഞ്ഞത്. പന്ത്രണ്ടാം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ് വീട് നല്‍കാതിരുന്നതെന്ന്  ബ്രോക്കര്‍ അറിയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 90 ശതമാനമാണ് മാര്‍ക്ക് ഉടമ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ യുവാവിന് മാര്‍ക്ക് 75 ശതമാനമായിരുന്നു, 'മാര്‍ക്ക് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നില്ല, പക്ഷേ അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ബാംഗ്ലൂരില്‍ ഒരു ഫ്‌ളാറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കും, എന്നാണ് ശുഭ് പോസ്റ്റിന് അടിക്കുറിപ്പായി എഴുതിയത്.  
 

Latest News