അങ്കാറ- തുർക്കിയിൽ ഞായറാഴ്ച നടന്ന പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനും അദ്ദേഹത്തിന്റെ എ.കെ പാർട്ടിയും മുന്നിൽ. 60 ശതമാനം വോട്ടെണ്ണിയപ്പോൾ എർദുഗാൻ 55.8 ശതമാനം വോട്ടുമായി മുന്നിലാണെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ പ്രസിഡന്റ് സ്ഥനാർത്ഥി റിപബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി (സി.എച്ച്.പി) നേതാവ് മുഹറം ഇൻസ് 29 ശതമാനം വോട്ടാണ് ഇതുവരെ നേടിയത്. വോട്ടെണ്ണിത്തീരുമ്പോൾ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ടു ലഭിച്ചില്ലെങ്കിൽ ജൂലൈ എട്ടിന് രണ്ടാം ഘട്ട വോട്ടിംഗ് നടക്കും.
പാർലമെന്റിലേക്കു നടന്ന വോട്ടെടുപ്പിൽ ഉർദുഗാന്റെ എ.കെ പാർട്ടിക്ക് 48.1 ശതമാനം വോട്ട് ലഭിച്ചിരുന്നു. മുഖ്യപ്രതിപക്ഷമായ സി.എച്ച്.പിക്ക് 18.12 ശതമാനവും കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്.ഡി.പി) 8.47 ശതമാനം വോട്ടും നേടി.
പ്രതിപക്ഷ ദേശീയവാദികളായ ഗുഡ് പാർട്ടി 9.1 ശതമാനവും എ.കെ പാർട്ടിയുടെ സഖ്യകക്ഷിയായ എം.എച്ച്്.പി 12.54 ശതമാനം വോട്ടു നേടിയിട്ടുണ്ട്. ഇരു തെരഞ്ഞെടുപ്പുകളിൽ 87 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 15 വർഷമായി അധികാരത്തിലിരിക്കുന്ന ഉർദുഗാന് ഈ തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താനാകും.