സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്നത് ഔദാര്യത്തിനല്ല, അഴിമതിക്കാരോട് ദയ കാണിക്കില്ല- മുഖ്യമന്ത്രി

കോഴിക്കോട് - സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്നവര്‍ ആരുടെയും ഔദാര്യത്തിന് വരുന്നവരല്ലെന്നും ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് യാതൊരു ദയയും സര്‍ക്കാര്‍ കാണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് താലുക്ക് തല അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓര്‍മപ്പെടുത്തല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വലിയ മാറ്റം ഉണ്ടാക്കി. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണ പ്രശ്‌നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളില്‍ പ്രതീക്ഷിച്ചത്ര പരാതികള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങള്‍ എങ്ങനെ വേഗത്തില്‍ നല്‍കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണം. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഇതിനായുള്ള പരിശീലനം അനിവാര്യമാണ്. കെ എ എസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.  47000 ല്‍ പരം പരാതികളാണ് താലൂക്ക് തല അദാലത്തുകളിലേക്ക് കിട്ടിയത്. ഏറ്റവും അധികം പരാതികള്‍ കിട്ടിയത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Latest News