സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണം,  ചിലര്‍ പോലീസിന്റെ രഹസ്യ നിരീക്ഷണത്തില്‍

തിരുവനന്തപുരം-സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പോലീസ് ക്വാര്‍ട്ടേഴ്‌സിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ക്വാര്‍ട്ടേഴ്‌സിലെത്തി കുട്ടിയുടെ അയല്‍വാസികളുടെയും മറ്റ് താമസക്കാരുടെയും മൊഴിയെടുത്തു.
മാര്‍ച്ച് 30ന് പരീക്ഷ കഴിഞ്ഞെത്തി വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഏപ്രില്‍ 1നാണ് മരിച്ചത്. കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന വിവരവും ഇതിനിടെ പുറത്തെത്തി.സംഭവത്തില്‍ കുട്ടിയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം കുട്ടി ലഹരിക്ക് അടിമപ്പെട്ടിരുന്നതിന്റെ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ അസി. കമ്മിഷണര്‍ ബിജു പറഞ്ഞു.കുട്ടിയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടിലോ ഡോക്ടര്‍മാരെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചതിലോ ലഹരിക്ക് അടിമപ്പെട്ടതിന്റെ സൂചനകളൊന്നും ലഭ്യമായിട്ടില്ല. തലച്ചോറിലെ ഞരമ്പ് പൊട്ടിയുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. രാസപരിശോധനാഫലം കൂടി ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും. ലഹരിക്ക് സ്ഥിരമായി അടിമപ്പെടുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ ഭാഗമായി തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടാറുണ്ട്. എന്നാല്‍ കുട്ടി വീട്ടിലോ സ്‌കൂളിലോ ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന് സൂചനകളൊന്നും നിലവില്‍ ലഭ്യമായിട്ടില്ല.
ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പോലീസ് ബസിലാണ് രാവിലെയും വൈകുന്നേരവും മറ്റ് കുട്ടികള്‍ക്കൊപ്പം കുട്ടി സ്‌കൂളില്‍ പോയി വരുന്നത്. സ്‌കൂളിലോ വഴിമദ്ധ്യേയോ അതിക്രമത്തിന് ഇരയാകാനുള്ള സാദ്ധ്യത വിരളമാണെന്ന് കണക്കുകൂട്ടുന്ന അന്വേഷണസംഘം ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ആരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ്. കുട്ടി ഉപയോഗിച്ചിരുന്ന ഫോണും കാള്‍ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുന്ന അന്വേഷണ സംഘം കുറ്റവാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി ഏറ്റവുമധികം അടുത്തിടപഴകിയിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച സംഘം ചിലരെ രഹസ്യനിരീക്ഷണത്തിലാക്കി.
പോലീസ് സേനാംഗമായ അച്ഛനും വീട്ടമ്മയായ മാതാവും കുട്ടിയും മാത്രമായിരുന്നു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ മറ്റ് വൈകല്യങ്ങളോ പ്രശ്‌നങ്ങളോ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വൈകുന്നേരങ്ങളില്‍ മാതാവ് നടക്കാന്‍ പോകുമ്പോള്‍ മാത്രമാണ് കുട്ടി ഇവിടെ തനിച്ചാകാറുള്ളത്. ഈ സമയത്ത് ആരെങ്കിലും കുട്ടിയെ പീഡനത്തിനിരയാക്കുകയും വിവരം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് സംശയം. അത്തരത്തിലുള്ള ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ കുട്ടിയെ അപായപ്പെടുത്താനുള്ള സാദ്ധ്യത കൂടി മുന്നില്‍ക്കണ്ട് പഴുതടച്ച നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


 

Latest News