Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍വനത്തില്‍ തുറന്നു വിട്ടു

ഇടുക്കി - ദൗത്യ സംഘം പിടികൂടി കൊണ്ടുപോയ അരിക്കൊമ്പനെ ഇന്ന്  പുലര്‍ച്ചെ നാലരയോടെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നു വിട്ടു.  മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് അരിക്കൊന്‍ കയറിപ്പോയെന്നും റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്‌നലില്‍ നിന്നും വ്യക്തമായതായി പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് അറിയിച്ചു. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും 17.5 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. ആനയെ ലോറിയില്‍ ഇവിടെ എത്തിക്കാന്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ സമയമെടുത്തു. മഴ പെയ്തതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞതാണ് ഇതിന് കാരണം.  ലോറി പലയിടത്തും റോഡില്‍ നിന്നും തെന്നി മാറി. ജെസിബി യുടെ സഹായത്തോടെയാണ് തിരികെ റോഡിലേക്ക് കയറ്റിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിയപ്പോഴേക്കും ആനയുടെ മയക്കം വിട്ട് തുടങ്ങിയിരുന്നു. പിന്നീട് ആന്റി ഡോസ് കൂടി നല്‍കിയതോടെ മയക്കം പൂര്‍ണ്ണമായും മാറി. ഇതേതുടര്‍ന്ന് അരിക്കൊമ്പന്‍ ലോറിയില്‍ നിന്ന്  തനിയെ കാട്ടിലേക്ക് ഇറങ്ങുകയായിരുന്നു. ദൗത്യസംഘം  ആകാശത്തേക്ക് വെടി വച്ച് ആനയെ ഒന്നര കിലോമീറ്റര്‍ ദൂരം ഉള്‍വനത്തിലേക്ക് അയക്കുകയാണുണ്ടായത്. റേഡിയോ കോളര്‍ വഴി കുറച്ച് ദിവസം കൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കും.

 

Latest News