കോയമ്പത്തൂരില്‍ ഡി. എം. കെ സഖ്യത്തില്‍ കമല്‍ ഹാസന്‍ മത്സരിച്ചേക്കും

കോയമ്പത്തൂര്‍- അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിച്ചേക്കും. ഡി. എം. കെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരിക്കും അദ്ദേഹമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 

കടുത്ത ബി. ജെ. പി വിരുദ്ധനായ കമല്‍ ഹാസന്‍ പലപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലുള്ള അവസ്ഥകളെ കുറിച്ച് ശക്തമായ ഭാഷയില്‍ സംസാരിക്കാറുണ്ട്. കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം ചിന്നിയംപാളയത്തെ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ കോയമ്പത്തൂര്‍, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ ഹാസന്‍ പ്രസ്തുത യോഗത്തില്‍ അനുയായികളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News