ബിക്കിനിയിട്ട പെണ്‍കുട്ടി, ലൈവ് സ്വയംഭോഗം: വൈറല്‍ വീഡിയോകള്‍ ദല്‍ഹി മെട്രോക്ക് തലവേദന

ന്യൂദല്‍ഹി - ദല്‍ഹി മെട്രോയില്‍ നടക്കുന്ന നിരവധി ആക്ഷേപകരവും അശ്ലീലവുമായ പ്രവൃത്തികളുടെ വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത് അധികൃതര്‍ക്ക് തലവേദനയായി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. അടുത്തിടെയാണ് മെട്രോയിലെ അശ്ലീല പ്രവൃത്തിയുടെ വീഡിയോ പുറത്ത് വന്നത്. ഇതിനെതിരെ ദല്‍ഹി വനിതാ കമ്മീഷന്‍ ദല്‍ഹി പോലീസിന് നോട്ടീസ് അയച്ചു.

ഇതിന് പിന്നാലെ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും (ഡിഎംആര്‍സി) സജീവമായി. മെട്രോയിലെ എല്ലാ ഇടനാഴികളിലും അപ്രതീക്ഷിത പരിശോധന നടത്തി. പ്രതിഷേധാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഫ്‌ളയിംഗ് സ്‌ക്വാഡുകളുടെ നിരവധി ടീമുകളെ മെട്രോയില്‍ വിന്യസിക്കുമെന്ന് ഡി.എം.ആര്‍.സി ട്വീറ്റ് ചെയ്തു. ഇതിനിടയില്‍ ഏതെങ്കിലും യാത്രക്കാരന്‍ ആക്ഷേപകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

ഇതോടൊപ്പം ഏതെങ്കിലും യാത്രക്കാര്‍ തെറ്റ് ചെയ്തതായി കണ്ടാല്‍ മെട്രോ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടണമെന്നും ഡി.എം.ആര്‍.സി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. മെട്രോയിലെത്തി മെട്രോ ജീവനക്കാര്‍ നടപടി സ്വീകരിക്കും. ഇതുകൂടാതെ മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ മാന്യമായി പെരുമാറണമെന്ന് ഡി.എം.ആര്‍.സി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെട്രോയില്‍നിന്ന് ആക്ഷേപകരമായ റീലുകളും അശ്ലീല വീഡിയോകളും സംപ്രേഷണം ചെയ്യുന്നത് പതിവായിരിക്കുകയാണ്. ബിക്കിനിയണിഞ്ഞ പെണ്‍കുട്ടിയുടെ വീഡിയോയാണ് ആദ്യം പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് പാവാട ധരിച്ച രണ്ട് ആണ്‍കുട്ടികളുടെ വീഡിയോ പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ഒരാള്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോയും പ്രചരിച്ചു.

അധിക്ഷേപങ്ങളും നൃത്തങ്ങളും അശ്ലീല വീഡിയോകളും മെട്രോയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇക്കാരണത്താല്‍, ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ ആളുകള്‍ ദല്‍ഹി മെട്രോയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മെട്രോയില്‍ ചിത്രീകരിച്ചെന്ന് പറയുന്ന അശ്ലീല വീഡിയോ വ്യാജമാണെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ പറയുന്നു. വീഡിയോയില്‍ കട്ടുകളുണ്ടെന്നും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നുമാണ് അവര്‍ പറയുന്നത്.

 

Latest News