Sorry, you need to enable JavaScript to visit this website.

തെലുങ്കുരാഷ്ട്രീയത്തെക്കുറിച്ച് രജനികാന്തിന് വിവരമില്ല, ആഞ്ഞടിച്ച് നടിയും മന്ത്രിയുമായ റോജ

വിജയവാഡ- അന്തരിച്ച മുതിര്‍ന്ന തെലുങ്ക് ചലച്ചിത്ര നടനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.ആറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങില്‍ രജനികാന്ത് നടത്തിയ പ്രസംഗത്തെ എതിര്‍ത്ത് നടിയും ആന്ധ്രാ മന്ത്രിയുമായ റോജ. തെലുങ്ക് രാഷ്ട്രീയത്തെക്കുറിച്ച്് രജനിക്ക് വിവരമില്ലെന്ന് അവര്‍ തുറന്നടിച്ചു.

ചടങ്ങില്‍ ചന്ദ്രബാബു നായിഡുവിനെ കുറിച്ച് സംസാരിച്ച രജനി അദ്ദേഹത്തെ പുകഴ്ത്തിയതാണ് റോജയെ രോഷം കൊളളിച്ചത്. 'വിഷന്‍ 2020' എന്ന പേരില്‍ 1996 ല്‍ നായിഡു ഐടി മേഖലയില്‍ വിപ്ലവം കൊണ്ടുവന്നു. ഐടി മേഖലയെക്കുറിച്ച് വലിയ അറിവ് ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യയിലെ ഐടി മേഖലയെ മനസ്സിലാക്കി ഹൈദരാബാദിനെ ഹൈടെക് സിറ്റിയാക്കി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഹൈദരാബാദ് നഗരം ഒരു മഹാനഗരമായത്. അദ്ദേഹം രാഷ്ട്രീയത്തിലെ ഒരു പ്രവാചകനായിരുന്നു എന്നൊക്കെയായിരുന്നു രജനിയുടെ പ്രശംസ.

ആന്ധ്രാ ടൂറിസം മന്ത്രിയും നടിയുമായ റോജ, രജനിയുടെ പ്രസംഗത്തെ എതിര്‍ത്തു. തെലുങ്ക് സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ച് രജനിക്ക് കൃത്യമായ ധാരണയില്ലെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചന്ദ്രബാബു നായിഡു നിയമസഭയില്‍ എന്‍.ടി.ആറിനെ അപമാനിക്കുന്ന തരത്തിലാണ് പെരുമാറിയത്. അതുമായി ബന്ധപ്പെട്ട ഒരു റെക്കോര്‍ഡിംഗും വീഡിയോയും ഉണ്ട്. വേണമെങ്കില്‍ ഞാന്‍ രജനിക്ക് അയച്ചു തരാം'.

രജനിയുടെ അഭിനയം കൊണ്ട് എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹം പറഞ്ഞത് എന്‍.ടി.ആറിന്റെ ആരാധകരെയും അദ്ദേഹത്തിന്റെ അനുയായികളെയും വേദനിപ്പിക്കും. ചന്ദ്രബാബു നായിഡു ഭരണമല്ല ഹൈദരാബാദിന്റെ വികസനത്തിന് കാരണം. മുന്‍ മുഖ്യമന്ത്രി വൈ. എസ്. രാജശേഖര്‍ റെഡ്ഡി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം നല്‍കി. വൈ.എസ് രാജശേഖര്‍ റെഡ്ഡിയാണ് തെലുങ്കര്‍ വിദേശത്ത് ജോലി ചെയ്യാന്‍ കാരണം.

തെലങ്കാനയിലെ ചന്ദ്രബാബു നായിഡുവിന്റെ ഭരണം 2003ല്‍ അവസാനിച്ചു. 20 വര്‍ഷമായി ഹൈദരാബാദ് മേഖല ഭരിക്കാത്ത ചന്ദ്രബാബു നായിഡുവിന് എങ്ങനെ നഗരത്തിന്റെ വികസനത്തിന് ഉത്തരവാദിയാകും. ഇക്കാര്യം രജനി ആലോചിക്കണമെന്നും അവര്‍ പറഞ്ഞു.

 

Latest News