Sorry, you need to enable JavaScript to visit this website.

കുട്ടികൾക്കായി ഒരു  'പെരുന്നാൾ സമ്മാനം'

എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളി കുട്ടികൾക്ക് വേണ്ടി എഴുതുന്നതാണെന്ന് പറയാറുണ്ട്. മലയാളത്തിൽ തന്നെ പ്രഗത്ഭരായ എഴുത്തുകാർ കുട്ടികൾക്ക് വേണ്ടി അപൂർവമായേ എഴുതിയിട്ടുള്ളൂ എന്നതിന്റെ കാരണം ഈ വെല്ലുവിളി മുന്നിലുള്ളതുകൊണ്ടാകാം. എത്രമേൽ ശ്രമകരമാണ് ആ ദൗത്യമെന്ന് ഓരോ എഴുത്തുകാരും തുറന്നു പറഞ്ഞിട്ടുമുണ്ട്. 
ആശയം മാത്രമല്ല അക്ഷരങ്ങളും വാക്കുകളും കഥാ സന്ദർഭങ്ങൾ പോലും ഒട്ടും കല്ലുകടിയില്ലാതെ കുഞ്ഞു മനസ്സുകളിൽ വിടർന്നു വരുമ്പോഴാണ് കുട്ടികൾക്കായുള്ള രചന വിജയിക്കുന്നത്. അവർക്ക് അപരിചിതമായ ലോകം പോലും വിരലിൽ പിടിച്ചു നടത്തി കാണിച്ചു കൊടുത്തു അതിശയിപ്പിക്കുന്ന രചനാ തന്ത്രം ആണല്ലോ ലോകപ്രശസ്തമായ കുട്ടിക്കഥകളുടെയൊക്കെയും രീതി. 
എന്നാൽ ഇങ്ങനെ അത്ഭുത ലോകങ്ങളോ അതിശയങ്ങളോ ഒന്നുമില്ലാതെ, കഥയുടെ കണ്ണുപൊത്തിക്കളികൾ ഇല്ലാതെ  കുഞ്ഞുമനസ്സുകളിൽ നന്മയുടെ പച്ചപ്പും തണുപ്പും നിറയ്ക്കുകയാണ് നൂറയുടെ 'പെരുന്നാൾ സമ്മാനം' എന്ന കഥാ പുസ്തകത്തിലൂടെ. 
ഒരു പെരുന്നാളിന് പേരക്കുട്ടികളും അയൽവാസിക്കുട്ടിയും എല്ലാം ചേർന്ന് തങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് വല്യുപ്പാക്ക് ഒരു സമ്മാനം വാങ്ങി നൽകുന്നതാണ് കഥ. 
ഈ സമ്മാനം വാങ്ങാനുള്ള ഒരുക്കം മുതൽ വായനക്കാരനും അക്കൂട്ടത്തിൽ ഒരാളാകുന്നു എന്നതാണ് കഥ പറച്ചിലിന്റെ മിടുക്ക്. മുതിർന്നവർ അറിയാതെ കുശുകുശുക്കുന്നതും ഒച്ചയുണ്ടാക്കാതെ നടക്കുന്നതും ആരും അറിയാതെ അങ്ങാടിയിലേക്ക് പോകുന്നതും കുഞ്ഞു കണ്ണുകളിൽ കാണുന്ന അങ്ങാടിയുടെ തിരക്കും അവരനുഭവിക്കുന്ന നിരാശയും സന്തോഷവും നന്മയുടെ വെളിച്ചവും എല്ലാം അതുപോലെ വായനക്കാരനെ അനുഭവിപ്പിക്കാനാവുന്ന രചനാ ശൈലിയാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 
കൂട്ടു കുടുംബത്തിലെ സന്തോഷങ്ങളും കൂടിച്ചേരലിന്റെ ആഹ്ലാദവും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുതിർന്നവരുടെ വാത്സല്യവും തിരിച്ചങ്ങോട്ടുള്ള സ്‌നേഹവും ആദരവും ഉപദേശ മട്ടിലല്ലാതെ കുഞ്ഞു മനസ്സുകളിൽ നിറയ്ക്കുവാൻ തീർച്ചയായും ഈ കൃതി സഹായിക്കും. 
കെ. പി. മുരളീധരന്റെ  ചിത്രങ്ങളാണ് എടുത്തു പറയേണ്ട മറ്റൊന്ന്. പെരുന്നാളിന്റെയും ആഹ്ലാദത്തിന്റെയും കുസൃതിയുടെയും എല്ലാ വർണഭംഗിയും തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ ഈ പുസ്തകത്തെ  ഏറെ മനോഹരമാക്കുന്നുണ്ട്. കെട്ടിലും മട്ടിലും 
കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ  തന്നെ ഒരുക്കിയിരിക്കുന്ന നൂറയുടെ 'പെരുന്നാൾ സമ്മാനം' തീർച്ചയായും കുട്ടികൾക്ക് സമ്മാനിക്കുവാൻ മികച്ച ഒരു പുസ്തകം തന്നെയാണ് എന്നതിൽ സംശയമില്ല. 
നൂറയുടെ മൂന്നാമത്തെ പുസ്തകമാണിത്.
ഖദീജ: നന്മയുടെ പൂമരം, പെൺതെരുവ് എന്നിവയാണ് മറ്റ് രണ്ടു പുസ്തകങ്ങൾ 

പെരുന്നാൾ സമ്മാനം
ബുക് കഫേ, കോഴിക്കോട്
വില: 80 രൂപ 

Latest News