കൊൽക്കത്ത - അരയ്ക്ക് ചുറ്റും രണ്ട് കിലോയിലേറെ തൂക്കമുള്ള 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ. ബംഗ്ലാദേശിൽനിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധർ എന്ന യുവതിയാണ് അതിർത്തി രക്ഷാസേനയുടെ പിടിയിലായത്.
യുവതിയിൽ നിന്നും കണ്ടെടുത്ത രണ്ട് കിലോയിലധികം വരുന്ന സ്വർണക്കട്ടികൾക്ക് 1.29 കോടി രൂപയോളം വിലവരുമെന്നാണ് പറയുന്നത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ വച്ചാണ് യുവതിയെ പിടികൂടിയത്. ബംഗ്ലാദേശിൽ നിന്നും സ്വർണം കടത്താനുള്ള ശ്രമമുള്ളതായി ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. സ്വർണക്കട്ടികൾ തുണിയിൽ ഒളിപ്പിച്ച് യുവതിയുടെ അരയിൽ കെട്ടിയ നിലയിലായിരുന്നു.
സ്വർണം കടത്തുന്നത് ആദ്യമാണെന്നും ബംഗാളിലെ ഒരാൾക്ക് സ്വർണം കൈമാറാനാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നും മണികാ ധർ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി ബി.എസ്.എഫ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സ്വർണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവർ പറഞ്ഞു. അറസ്റ്റിലായ യുവതിയെയും സ്വർണക്കട്ടികളും തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.