ഇറാന്‍ പിടികൂടിയ യു. എസ് എണ്ണക്കപ്പലില്‍ മൂന്നു മലയാളികള്‍ കൂടി

ന്യൂദല്‍ഹി- ഇറാന്‍ ബോട്ടിലിടിച്ച് രണ്ടു പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇറാന്‍ നാവികസേന പിടിച്ചെടുത്ത യു. എസ് എണ്ണക്കപ്പലില്‍ ആകെ നാല് മലയാളികളുണ്ടെന്ന് വിവരം. ഒരാളാണുള്ളതെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നത്. മൂന്ന് മലയാളികള്‍ കൂടിയുണ്ടെന്നാണ് പിന്നീട് അറിഞ്ഞത്. 

മലപ്പുറം കോട്ടേപ്പാടം സ്വദേശി സാം സോമന്‍, എറണാകുളം കടവന്ത്ര സ്വദേശികളായ ജിബിന്‍ ജോസ്, ജിസ് മോന്‍ എന്നിവരാണ് കപ്പലിലുള്ളതായി വിവരം ലഭിച്ചത്. കപ്പലിലെ ഫോര്‍ത്ത് ഓഫീസറാണ് ജിസ്മോന്‍. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. 

കപ്പലില്‍ അകപ്പെട്ടവരുടെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങള്‍ രംഗത്തെത്തി. നാല് മണിക്കൂര്‍ ഇടവിട്ട് കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്നും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ജിസ്മോന്‍ കുടുംബത്തെ വിളിച്ചിരുന്നു. എംബസിയുമായി ബന്ധപ്പെട്ടെന്നും കുടുംബം പറഞ്ഞു. 

കുവൈത്തില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്. ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചനത്തിനായുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരുന്നു.

Latest News