ഇടുക്കി - ചിന്നക്കനാലിനെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെന്ന ആനയെ തീവ്ര പരിശ്രമത്തിനൊടുവിൽ വാഹനത്തിലേക്ക് കയറ്റി. നാല് കുംകിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ആംബുലൻസ് ലോറിയിൽ കയറ്റിയത്. മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി, നാലു കാലുകളിലും വടം കെട്ടിയാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്.
അതിനിടെ, കുങ്കിയാനകളെ ആക്രമിക്കാനും അരിക്കൊമ്പൻ ചെറുതായൊന്ന് ശ്രമിച്ചു. കനത്ത മഴയും കാറ്റുമെല്ലാം നിലനിന്ന സാഹചര്യത്തിൽ ഏറെ വെല്ലുവിളികളെ അതിജയിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ദൗത്യവുമായി മുന്നോട്ടു പോയത്.
ജെ.സി.ബി ഉപയോഗിച്ച് വഴിയൊരുക്കിയ ശേഷമാണ് അരിക്കൊമ്പന് സമീപത്തേക്ക് ലോറി എത്തിച്ചത്. വടംകെട്ടാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയുണ്ടായി. ആനയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. ആനയെ ഉൾവന മേഖലയിൽ എത്തിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലയിൽ അരിക്കൊമ്പനെ തുറന്നുവിടില്ല. എവിടെ എത്തിച്ചാലും ഉദ്യോഗസ്ഥർ ആനയെ തുടർന്നും നിരീക്ഷിക്കും. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും വനംമന്ത്രി പറഞ്ഞു. സിമന്റ് പാലത്തിന് സമീപത്തു വെച്ചാണ് കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്.






