മകനെ കൊന്ന് മൃതദേഹം ഭക്ഷിച്ച യുവതി അറസ്റ്റിൽ

ഈജിപ്തിൽ സ്വന്തം മകനെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി പാചകം കഴിച്ച് അറസ്റ്റിലായ യുവതി.

കയ്‌റോ- സ്വന്തം മകനെ കൊന്ന് മൃതദേഹം തുണ്ടംതുണ്ടമാക്കുകയും മസ്തിഷ്‌കം അടക്കമുള്ള ശരീര ഭാഗങ്ങൾ പാകം ചെയ്ത് കഴിക്കുകയും ചെയ്ത യുവതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അൽശർഖിയ ഗവർണറേറ്റിലെ ഗ്രാമത്തിലാണ് സംഭവം. മാനസിക നില തെറ്റിയാണ് യുവതി ക്രൂരകൃത്യം ചെയ്തതെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. യുവതിക്ക് യാതൊരുവിധ മാനസിക തകരാറുകളുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. 
ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി. മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതി ഗ്രാമത്തിലെ വീട്ടിൽ മകനൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്കു പുറമെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മകന്റെ കാര്യത്തിൽ ആശങ്കയുള്ളതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മകനെ തന്റെ വയറ്റിലേക്കു തന്നെ തിരികെ എത്തിക്കാനാണ് മകന്റെ മാംസം പാകം ചെയ്ത് കഴിച്ചതിലൂടെ ആഗ്രഹിച്ചതെന്നും യുവതി പറഞ്ഞു. 
അഞ്ചു വയസുകാരനായ മകനെയാണ് യുവതി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. യുവതി മകനെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി ശരീര ഭാഗങ്ങൾ താമസസ്ഥലത്ത് ഒളിപ്പിച്ചതായി പോലീസ് ഈ മാസം 27 ന് ആണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചത്. മുപ്പതുകാരി മകന്റെ ശരീരം കഷ്ണംകഷ്ണമാക്കി മുറിച്ച ശേഷം ശിരസ്സ് അടക്കമുള്ള ശരീര ഭാഗങ്ങൾ പാകംചെയ്ത് കഴിക്കുകയായിരുന്നു. ബാലന്റെ ശേഷിക്കുന്ന ശരീരാവശിഷ്ടങ്ങൾ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Latest News