സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ തെളിയുന്നത് അഴിമതിയുടെ നിഴൽ ചിത്രങ്ങളാണോ? ക്യാമറകൾ സ്ഥാപിച്ചതിലെ സാമ്പത്തികമായ ദുരൂഹതകളെക്കുറിച്ച് വലിയ തോതിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ മൗനം പുലർത്തുന്നത് ഒരുപാട് സംശയങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ ക്യാമറ വാങ്ങിയതിലെ സാമ്പത്തിക പൊരുത്തക്കേടുകൾ ഒരുപാട് ചൂണ്ടിക്കാട്ടിയിട്ടും ഇത് സംബന്ധിച്ച് വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടും മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. അദ്ദേഹത്തിന്റെ മൗനത്തിന് പിന്നിൽ പോലും ഒരുപാട് ദുരൂഹതകൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ക്യാമറ സ്ഥാപിക്കുന്നതിന് കരാർ എടുത്ത സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോൺ അധികൃതർ മാത്രമാണ് ഇതിന് മറുപടി പറയാൻ മുന്നോട്ട് വന്നത്. അവർ പറഞ്ഞ മറുപടിയിലാകട്ടെ പൊരുത്തക്കേടുകളുടെ ഘോഷയാത്രയാണ്. പറയുന്ന കണക്കുകളൊന്നും യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ വേറിട്ടു നിൽക്കുന്നു. പദ്ധതി സംബന്ധിച്ച് കൊൽട്രോണിന്റെ വിശദീകരണം ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന തരത്തിലുള്ളതാണ്. ഗതാഗത വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയാണെങ്കിൽ കൂടി തനിക്കൊന്നും അറിയില്ലെന്നും താൻ മന്ത്രിയാകുന്നതിന് മുൻപ് കരാറിലും പദ്ധതി ചെലവിലുമെല്ലാം തീരുമാനങ്ങൾ എടുത്തതാണെന്നും പറഞ്ഞ് കൈമലർത്തുകയാണ് ഗതാഗത മന്ത്രി ആന്റണി രാജു ചെയ്യുന്നത്.
ക്യാമറ സ്ഥാപിക്കുന്നതിന് കരാർ നൽകിയതിൽ വലിയ തോതിലുള്ള വീഴ്ചകൾ സർക്കാരിന് സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പൊതുമേഖല സ്ഥാപനമായ കെൽട്രോണിന് സർക്കാർ നൽകിയ കരാർ അവർ ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് ഉപകരാറിലൂടെ മറിച്ച് നൽകുകയാണുണ്ടായത്. ഇത് വഴി കെൽട്രോണിനും ഉപകരാർ ഏറ്റെടുത്ത കമ്പനിക്കും വലിയ തോതിലുള്ള സാമ്പത്തിക നേട്ടം സാധ്യമാകുന്നു. കെൽട്രോണിനെ സംബന്ധിച്ചിടത്തോളം കൈ നനയാതെ മീൻ പിടിക്കാനുള്ള വലിയ അവസരം അവർക്ക് ലഭിക്കുകയാണ് ചെയ്തത്.
കരാറിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള കമ്പനിക്കേ പരിമിതമായ തോതിൽ ഉപകരാർ പോലും നൽകാൻ പാടുള്ളൂ. ഇത് രണ്ടുമില്ലാത്ത എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിനാണ് കെൽട്രോൺ ഉപകരാർ നൽകിയത്. ഇതിൽ വലിയ പിഴവാണ് സംഭവിച്ചത്. അത് മനഃപൂർവം വരുത്തിയതാണോ എന്നാണ് അറിയാനുള്ളത്. കരാർ പ്രകാരം മറ്റു സ്വകാര്യ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിർദേശം ലംഘിച്ചുകൊണ്ടാണ് കെൽട്രോൺ പ്രവർത്തിച്ചതും ക്യാമറകൾ സ്ഥാപിച്ചതും. നോക്കുകൂലിയായി കോടികൾ അടിച്ചു മാറ്റുകയെന്നത് മാത്രമാണ് കെൽട്രോൺ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് പദ്ധതിയെ സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. പദ്ധതിക്ക് വേണ്ട ഉപകരണങ്ങൾ ഒന്നും സ്വന്തമായി ഉൽപാദിപ്പിക്കാതെ ഒരു മീഡിയേറ്ററുടെ റോളാണ് ഇതിൽ പ്രധാനമായും കെൽട്രോൺ വഹിച്ചത്. അത് തന്നെയാണ് പദ്ധതി ചെലവ് ഉയരാനുള്ള കാരണവും.
തുടക്കത്തിൽ 151 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ കെൽട്രോൺ ഉപകരാർ നൽകിയപ്പോഴാണ് ആകെ ചെലവ് 232 കോടി രൂപയിലെത്തിയത്. മാത്രമല്ല കെൽട്രോൺ ഉപകരാർ നൽകിയ എസ്.ആർ.ഐ.ടി എന്ന സ്ഥാപനം വീണ്ടും മറ്റ് രണ്ട് സ്ഥാപനങ്ങളുമായും സാമ്പത്തിക കാര്യങ്ങളിലടക്കം ഉപകരാർ ഉണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഇതൊന്നും പരിശോധിക്കാതെ സംസ്ഥാന സക്കാർ കെൽട്രോണിന്റെ നിബന്ധനകൾ എല്ലാം അംഗീകരിക്കുകയാണ് ചെയ്തത്. ടെണ്ടർ വഴി നേരിട്ട് സ്വകാര്യ കമ്പനികളെ ഏൽപിച്ചാൽ പോലും പദ്ധതി ചെലവിന് ഇതിന്റെ പകുതി തുക പോലും വേണ്ടിവരില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത ഉണ്ടാകേണ്ടതുണ്ട്.
മാത്രമല്ല, വളരെ വിചിത്രമായ ന്യായം പറഞ്ഞാണ് ഇതിനെല്ലാം സർക്കാർ കൂട്ടുനിന്നത്. വിവിധ ഘട്ടങ്ങളിൽ പലപ്പോഴായി പദ്ധതിക്ക് സർക്കാർ പല അനുമതികളും നൽകിയതിനാൽ ഇനി തിരിച്ചുപോകാനാകില്ലെന്നും നേരത്തെയുള്ള കരാർ പ്രകാരം തന്നെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നുമാണ് മന്ത്രിസഭ കുറിപ്പിൽ പറയുന്നത്. അതായത് പദ്ധതിയുടെ കരാർ വേളയിലടക്കം നിരവധി പാളിച്ചകൾ ഉണ്ടായിട്ടും അതിന് നേരെ കണ്ണടക്കുകയാണ് സർക്കാർ ചെയ്തതെന്ന് വ്യക്തം.
പൊതുമേഖല സ്ഥാപനമെന്ന നിലയിൽ ടെണ്ടറിൽ പങ്കെടുക്കാതെ തന്നെ സർക്കാർ പദ്ധതികൾക്കുള്ള കരാറുകൾ നേടാൻ കഴിയുമെന്ന ആനുകൂല്യത്തെ ദുരുപയോഗം നടത്തുകയാണ് ഇവിടെ കെൽട്രോൺ ചെയ്തത്. പൊതുമേഖല സ്ഥാപനത്തിന്റെ മേൽവിലാസത്തിൽ കരാർ നേടുകയും അത് സ്വകാര്യ കമ്പനികൾക്ക് മറിച്ചു നൽകുകയുമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് വ്യക്തം.
പദ്ധതി നടത്തിപ്പിൽ വലിയ തോതിൽ അഴിമതി നടന്നിട്ടുണ്ടെന്നും പലർക്കും അഴിമതിപ്പണത്തിന്റെ വിഹിതം കിട്ടിയിട്ടുണ്ടെന്നും അതിനാൽ ഇത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതെല്ലാം വലിയ സംശയങ്ങളാണ് പൊതുജനങ്ങൾക്കിടയിൽ ഉയർത്തിയിട്ടുള്ളത്.
ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും പൊതുജനമധ്യത്തിൽ ലഭ്യമല്ലെങ്കിലും ഇതിൽ ഒരുപാട് കാര്യങ്ങൾ ഒളിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നത് പകൽ പോലെ വ്യക്തം. സർക്കാർ ഖജനാവിൽ നിന്നുള്ള നികുതിപ്പണമെടുത്ത് ഒരു പദ്ധതി നടപ്പാക്കുമ്പോൾ കാണിക്കേണ്ട ജാഗ്രതയോ സുതാര്യതയോ ഒന്നും തന്നെ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നത് തന്നെയാണ് ഇവിടെയുണ്ടായ ഏറ്റവും വലിയ പാളിച്ച. പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ അഴിമതിയും ധൂർത്തും തന്നെയാണ് നടന്നത്. അതിന് സർക്കാർ കൂട്ടുനിൽക്കുകയും ചെയ്തു.
ഒരു പദ്ധതിക്കായി കരാർ നൽകുമ്പോൾ അതിന് കൃത്യമായ കരാർ വ്യവസ്ഥകൾ സർക്കാർ കൊണ്ടുവരാറുണ്ട്. ഏതെങ്കിലും കാരണവശാൽ ഈ വ്യവസ്ഥകൾ ഏകപക്ഷീയമായി ലംഘിച്ചാൽ അതിന് നഷ്ടപരിഹാരം കിട്ടുന്നതടക്കമുള്ള വ്യവസ്ഥകളും സർക്കാർ വെയ്ക്കാറുണ്ട്.എന്നാൽ ഇവിടെ കരാർ എറ്റെടുത്ത സ്ഥാപനത്തിന്റെ തീരുമാനങ്ങൾക്കനുസരിച്ച് കരാർ വ്യവസ്ഥകൾ മാറ്റുകയോ ഇളവ് ചെയ്തു നൽകുകയോ ആണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിക്കുന്നതിന് പിന്നിൽ എന്താണ് നടന്നതെന്നറിയാൻ ഇന്നാട്ടിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അവരുടെ കൂടി നികുതിപ്പണമാണ് ഇതിന് വേണ്ടി ചെലവഴിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് കാര്യങ്ങൾ പൊതുജനങ്ങൾക്ക് മുമ്പാകെ വിശദീകരിക്കാൻ സർക്കാർ തയാറാകേണ്ടതുണ്ട്.






