Sorry, you need to enable JavaScript to visit this website.

സൗദി നിരത്തുകളിൽ വനിതാ ഡ്രൈവർമാർ, ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് രാജ്യം

റിയാദ് - വനിതകൾക്ക് വാഹനമോടിക്കാൻ ലഭിച്ച അനുമതിയെ ആഘോഷത്തോടെ ഏറ്റെടുത്ത് സൗദി വനിതകൾ. ഇന്നലെ അർധരാത്രി മുതൽ തന്നെ സ്വന്തം വാഹനങ്ങളുമായി വനിതകൾ റോഡിലിറങ്ങി. തങ്ങൾക്ക് ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും ദിനങ്ങൾ എത്തിയതായി പലരും പ്രതികരിച്ചു. കഴിഞ്ഞ വർഷം സെപ്തംബർ 26-നാണ് സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള ചരിത്രപരമായ ഉത്തരവ് പുറത്തുവന്നത്. അന്നു മുതലുള്ള കാത്തിരിപ്പാണ് ഇന്നലെ അർധരാത്രിയോടെ അവസാനിച്ചത്. ചരിത്രമുഹൂർത്തത്തിന്റെ ആദ്യനിമിഷങ്ങളിൽതന്നെ വാഹനവുമായി പുറത്തേക്കിറങ്ങാൻ പല സ്ത്രീകളും മുന്നോട്ടെത്തി. ഞായറാഴ്ച്ച പുലർന്നതിന്റെ ആദ്യസെക്കന്റിൽ തന്നെ അൽ ഖോബാറിലെ വീട്ടിൽനിന്ന് 1959 മോഡൽ കോർവെട്ട് സി1 കാറുമായി സമാഹ് അൽ ഗുസൈബി റോഡിലെത്തി. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാനും പങ്കാളിയാകാനും പറ്റിയെന്ന് സമാഹ് പ്രതികരിച്ചു. 
ചരിത്രത്തിന്റെ വളയത്തിന് പിറകിലിരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വനിത വ്യവസായി പ്രതികരിച്ചു. സൗദി ശൂറ കൗൺസിൽ അംഗം ലിന അൽ മഈന തന്റെ ഉമ്മയുടെ പേരിലുള്ള ലെക്‌സസ് കാറുമായാണ് പുറത്തിറങ്ങിയത്. 
വല്ലാത്ത സന്തോഷം തോന്നുന്നുവെന്ന് പതിനെട്ട് വർഷം മുമ്പ് വാഹനമോടിക്കാൻ പഠിച്ച സാറ അൽവാസിയ പറഞ്ഞു. ഇവിടെ ഒരിക്കലും വാഹനമോടിക്കാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അത് സാധ്യമായതിന്റെ സന്തോഷം ഏറെയാണെന്നും അവർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ലൈസൻസുള്ളവരെല്ലാം അത് സൗദിയിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി സൗദി സ്ത്രീകൾക്ക് അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലൈസൻസുണ്ട്. 

സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമമായയത് ഇന്ന് പുലർച്ചെ 12 മണി മുതലാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണ നേതൃത്വത്തിൽ പരിഷ്‌കരണത്തിന്റെ പുതുയുഗപ്പിറവിക്കാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ലോകത്ത് വനിതകൾക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏക രാജ്യമെന്ന ദുഷ്‌കീർത്തി ഭരണാധികാരികളുടെ ഇച്ഛാശക്തിക്കു മുന്നിൽ ചരിത്രത്തിന്റെ ഭാഗമായി മാറി. സമൂഹത്തിൽ നല്ലൊരു പങ്കും സ്ത്രീകൾ വാഹനമോടിക്കുന്നതിനെ ശക്തിയുക്തം എതിർത്തുവരുന്നവരായിരുന്നു. ഇത്ര പെട്ടെന്ന് തങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാകുമെന്ന്, ഡ്രൈവിംഗ് അനുമതി ലഭിക്കുന്നതിന് പ്രചാരണം നടത്തിവന്ന വനിതാ ആക്ടിവിസ്റ്റുകൾ പോലും നിനച്ചതല്ല. 
യാത്രാ മേഖലയിൽ വനിതകൾ നേരിട്ടിരുന്ന ദീർഘകാലത്തെ ദുരിതങ്ങൾക്കാണ് ഇന്ന് പുലർച്ചെയോടെ അറുതിയായത്. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്ന നിലക്കുള്ള ട്രാഫിക് നിയമത്തിലെ ഭേദഗതി 2017 സെപ്റ്റംബർ 26 ന് സൽമാൻ രാജാവ് അംഗീകരിച്ചിരുന്നു. വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനും ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും മതിയായ സമയം ലഭിക്കുന്നതിനു വേണ്ടി തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നത് ഇന്നേക്ക് നീട്ടിവെക്കുകയായിരുന്നു. 
നിരവധി സൗദി വനിതകളും വിദേശ വനിതകളും ഇതിനകം ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുണ്ട്. വനിതകളുടെ പക്കലുള്ള വിദേശ, അന്താരാഷ്ട്ര ലൈസൻസുകൾ മാറ്റിനൽകുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ വഴി പുതിയ ലൈസൻസുകളും അനുവദിക്കുന്നുണ്ട്. ഏതാനും യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളിൽ സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. അൽഖസീം യൂനിവേഴ്‌സിറ്റിയിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിക്കുന്നതിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ബുറൈദയിൽ അൽഖസീം യൂനിവേഴ്‌സിറ്റി ക്യാമ്പസിൽ വൈകാതെ ഡ്രൈവിംഗ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കും. മറ്റേതാനും നഗരങ്ങളിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതിനുള്ള അപേക്ഷകൾ ട്രാഫിക് ഡയറക്ടറേറ്റ് പഠിച്ചുവരികയാണ്.
 

Latest News