നൈജീരിയയില്‍ തടവിലാക്കപ്പെട്ട 16 ഇന്ത്യന്‍  നാവികരുടെ മോചനത്തിന് വഴി തെളിഞ്ഞു

അബുജ- ഒന്‍പത് മാസത്തിലേറെയായി നൈജീരിയയില്‍ തടവില്‍ കഴിയുന്ന 16 ഇന്ത്യന്‍ നാവികരടക്കമുള്ളവരുടെ മോചനത്തിന് ഒടുവില്‍ വഴി തെളിയുന്നു. മൂന്ന് മലയാളികളും സംഘത്തിലുണ്ട്. എണ്ണ മോഷണം ആരോപിച്ചാണ് നൈജീരിയന്‍ നാവിക സേന കപ്പലടക്കം പിടികൂടിയത്. നൈജീരിയ കോടതി നാവികരെ കുറ്റ വിമുക്തരാക്കിയതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്.
സനു ജോസ്, മില്‍ട്ടന്‍, വി വിജിത് എന്നിവരാണ് തടവിലുള്ള മലയാളികള്‍. 16 ഇന്ത്യക്കാരുള്‍പ്പെടെ 26 നാവികരാണ് തടവിലുള്ളത്.കപ്പലുടമകള്‍ ഒന്‍പത് ലക്ഷം രൂപ പിഴയടക്കണം. വന്‍ തുക നഷ്ടപരിഹാരമായി നല്‍കുകയും വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കുറ്റവിമുക്തരായെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയിലേറെ സമയം ഇനിയും എടുക്കും. ഇതെല്ലാം തീര്‍ന്ന ശേഷമേ നാവികര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിക്കു. എങ്കിലും ഒന്‍പത് മാസമായ നീണ്ട അനിശ്ചിതത്വത്തിന് വിരമാമായിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് എണ്ണ മോഷണം ആരോപിച്ച് നൈജീരിയന്‍ നാവിക സേന കപ്പല്‍ പിടിച്ചെടുത്തത്. പിന്നാലെ വിചാരണ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

Latest News