ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗിക പീഡനത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു

ന്യൂദല്‍ഹി -  ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഒടുവില്‍ പോലീസ് കെസടുത്തു. രണ്ട് എഫ് ഐ ആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുതിര്‍ന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ബ്രിജ് ഭൂഷണതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ച് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ഗുസ്തി താരങ്ങളുടെ പരാതിയില്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു.

 

Latest News