ദല്‍ഹി മെട്രോയില്‍ യുവാവിന്റെ പരസ്യമായ സ്വയംഭോഗം, നടപടി ആവശ്യപ്പെട്ട് വനിതാകമീഷന്‍

ന്യൂദല്‍ഹി- ഡല്‍ഹി മെട്രോ ട്രെയിനില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്തെത്തി. ചുറ്റും മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ പ്രവൃത്തി. ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട്  സ്വാതി രംഗത്തെത്തി.
അറപ്പുളവാക്കുന്ന കാഴ്ചയാണിതെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിര്‍ദേശിച്ച് ഡല്‍ഹി പോലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചതായി സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു.
ട്രെയിനിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മെട്രോയില്‍ സ്ത്രീകള്‍ക്ക് എന്തു സുരക്ഷയാണ് ഉള്ളതെന്ന ചോദ്യമുയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തി. യുവാവിന് സമീപം ഇരുന്ന യാത്രക്കാര്‍ ഇയാളുടെ പ്രവൃത്തിയില്‍ അസ്വസ്ഥരാകുന്നതും സ്ഥലംമാറിയിരിക്കുന്നതും വീഡിയോയിലുണ്ട്. മെട്രോയില്‍ യാത്രചെയ്യുന്നവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സംഭവത്തിന് പിന്നാലെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അഭ്യര്‍ഥിച്ചു.

 

Latest News