തൊടുപുഴ- ഇഞ്ചിയാനിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊച്ചിയിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ചേരാനല്ലൂർ ചൂരപ്പറമ്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ ശ്രീജിത്ത് (26)എന്നിവരാണ് തൊടുപുഴ സി.ഐ വി. സി വിഷ്ണുകുമാറിന്റെയും ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളുടെയും പിടിയിലായത്. ഇന്നലെ പുലർച്ചെ മൂന്നോടെ ചേരാനെല്ലൂരിൽ വെച്ച് മൽപ്പിടുത്തത്തിലൂടെയാണ് പോലീസ് ഇവരെ കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഇഞ്ചിയാനി പുറക്കാട് ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടുപേർ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. അയൽവാസികളായ മിൽഖ, മകൾ അനീറ്റ എന്നിവർ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഓമനക്കുട്ടനുമായുള്ള തർക്കങ്ങളെ തുടർന്നുള്ള വിരോധമാണ് കാരണം. റമ്പാൻ എന്ന് വിളിക്കുന്ന ഗുണ്ടയിലൂടെ 30000 രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. 50000 രൂപ നിരക്ക് പറഞ്ഞതെങ്കിലും 30000ത്തിന് ഉറപ്പിക്കുകയായിരുന്നു. അനീറ്റയും മിൽഖയും രണ്ട് ദിവസമായി ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടങ്ങി.
ചേരാനെല്ലൂർ സ്റ്റേഷനിലെ പോലീസുകാരായ അനീഷും വിനീഷും പ്രതികളെ അറസ്റ്റ് ചെയ്യാനും ആക്രമികൾ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താനും തൊടുപുഴ പൊലീസിനെ സഹായിച്ചു. ഡിക്കിയിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി കണ്ടെടുത്തു. സന്ദീപിന്റെ വിരലിൽ ഓമനക്കുട്ടൻ കടിച്ച മുറിവുമുണ്ടായിരുന്നു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സ്വദേശം എറണാകുളമായതിനാൽ ഇവർക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെടാൻ എളുപ്പമായതായി പോലീസ് പറഞ്ഞു. ഓമനക്കുട്ടൻ പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷൻ പാർട്ടിയെ മിൽഖ ഫോണിൽ വിളിച്ചറിയിച്ചതിനും തെളിവുകളുണ്ട്. രണ്ടുദിവസം മുമ്പ് അനീറ്റയുടെ ഫോൺ തൊടുപുഴ ഡിവൈ.എസ്.പി പരിശോധിച്ചതിന് ശേഷമാണ് കേസ് അന്വേഷണം ക്വട്ടേഷൻ പാർട്ടിയിലേക്ക് തിരിഞ്ഞത്.






