Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഴുവയസ്സുകാരിയായ മകളോട് ലൈംഗികാതിക്രമം, പിതാവിന് 66 വർഷം കഠിന തടവും പിഴയും

പത്തനംതിട്ട- എഴുവയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് 66 വർഷം കഠിന തടവിന് കോടതി ഉത്തരവ്. പ്രക്കാനം സ്വദേശിയായ, നാൽപതു വയസുള്ള അച്ഛനെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് 66 വർഷം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്‌സോ ആക്ടിലെ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75ാം വകുപ്പും പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2021 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റുള്ളവർ ഉറങ്ങി കഴിയുമ്പോൾ മകളെ എടുത്തു അടുക്കളയിൽ കൊണ്ടുപോയിട്ടാണ് ഇയാൾ ലൈംഗിക പീഡനം നടത്തിയിരുന്നത്. ഇപ്രകാരം നിരവധി തവണ പിതാവിന്റെ പീഡനത്തിന് മകൾ ഇരയായി. പെൺകുട്ടിയുടെ മാതാവിന്റെ ചില സംശയങ്ങൾ സ്‌കൂളിലെ അധ്യാപികമാരുമായി പങ്കുവയ്ക്കുകയും തുടർന്ന് അവർ കുട്ടിയുമായി സംസാരിക്കുകയുമായിരുന്നു.തുടർന്ന് കാര്യങ്ങൾ മനസിലാക്കി പോലീസിൽ വിവരം അറിയിച്ചു. പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ജയ്‌സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്‌പെക്ടർമാരായ എം. രാജേഷ്, അയൂബ് ഖാൻ എന്നിവർ അന്വേഷണം നടത്തി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പ്രത്യേക പരാമർശം ഉള്ളതിനാൽ 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. മാതാവ് വിചാരണ സമയത്ത് കൂറുമാറിയെങ്കിലും അധ്യാപകർ മൊഴിയിൽ ഉറച്ചു നിന്നു എന്നതും ശിക്ഷ കടുക്കാൻ കാരണമായി.

Latest News