റിയാദ് - വനിതകളുടെ കാറുകള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ കമ്പനികള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ വക്താവ് ആദില്‍ അല്‍ഈസ പറഞ്ഞു. ചില കമ്പനികള്‍ വനിതകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി നിരക്കില്‍ പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചേക്കും. എല്ലാ കമ്പനികളിലും ഇന്‍ഷുറന്‍സ് പോളിസി നിരക്ക് സ്ഥിരമായിരിക്കില്ല. പുതിയ ഉപയോക്താക്കളായ വനിതകളെ ആകര്‍ഷിക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മില്‍ മത്സരം ശക്തമാകാനിടയുണ്ട്.
നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ആയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി നിരക്കില്‍ സ്ത്രീപുരുഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ വ്യത്യാസമുണ്ടാകില്ല. ഇരു വിഭാഗത്തിനും ഒരേ നിരക്കിലുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസികളാകും കമ്പനികള്‍ നല്‍കുകയെന്നും ആദില്‍ അല്‍ഈസ പറഞ്ഞു.
വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു മുമ്പ് വനിതകള്‍ നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ടയറുകളുടെ സുരക്ഷിതത്വം, ഇന്ധനത്തിന്റെ തോത്, മുന്‍വശത്തെ ലൈറ്റുകള്‍, ബ്രേയ്ക്ക് ലൈറ്റുകള്‍ എന്നിവ പ്രത്യേകം പരിശോധിച്ച് ദിവസേന ഉറപ്പു വരുത്തണം. അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകളും ഉയര്‍ന്ന റിപ്പയറിംഗ് ചെലവുകളും അകറ്റിനിര്‍ത്തുന്നതിന് കാറുകള്‍ പതിവ് പരിശോധനക്ക് (പീരിയോഡിക്കല്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ഷന്‍) വിധേയമാക്കണം. കൃത്യസമയത്ത് പരിശോധനക്ക് വിധേയമാക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
വനിതകള്‍ ഉള്‍പ്പെടുന്ന വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 40 സൗദി വനിതകള്‍ പരിശീലനം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് നജും കമ്പനിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബാച്ച് വനിതകളാണിവര്‍. അപകടത്തില്‍ പെടുന്ന കക്ഷികളില്‍ ഒരാളെങ്കിലും വനിതകയാവുകയും ഒരാള്‍ക്കെങ്കിലും ഇന്‍ഷുറന്‍സ് കവറേജുണ്ടാവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് വനിതാ അന്വേഷണോദ്യോഗസ്ഥരുടെ സേവനം തേടുകയെന്ന് നജും കമ്പനി അധികൃതര്‍ പറഞ്ഞു.






