സി.പി.എം പ്രവർത്തകയുടെ വീട്ടിൽ കടന്നു കയറിയ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം

പത്തനംതിട്ട- വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി സി.പി.എംകാരിയായ യുവതിയുടെ  വീട്ടിൽ ഏരിയാ കമ്മിറ്റിയംഗം കടന്നു കയറി ലൈംഗിക താൽപര്യം പ്രകടിപ്പിച്ചുവെന്ന പരാതിയിൽ പാർട്ടി അന്വേഷണം പ്രഖാപിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ തര്യൻ നഗറിലാണ് സംഭവം. കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗത്തിനെതിനെതിരെയാണ് പാർട്ടിമൂന്നംഗ സമിതിയെ അന്വേഷണം നടത്തുക. അടുത്ത ജില്ലക്കാരിയാണ് പരാതിക്കാരി. വർഷങ്ങളായി മല്ലപ്പുഴശേരി പഞ്ചായത്തിലാണ് കുടുംബ സമേതം ഇവർ താമസിക്കുന്നത്. പാർട്ടിയുടെ പ്രവർത്തകയുമാണ്. 

സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആർ.അജയ കുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി ശ്രീലേഖ എന്നിവരെയാണ് പാർട്ടി അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മല്ലപ്പുഴശേരി ലോക്കൽ കമ്മറ്റിക്ക് ലഭിച്ച പരാതിയിലാണ് ഏരിയാ കമ്മറ്റി യോഗം ചേർന്ന് ചർച്ച ചെയ്തത്.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ ആദ്യം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം ഇത് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന പരാതി ഉണ്ടായി. ഇവർ പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് അടിയന്തിര ഏരിയ കമ്മറ്റി വിളിച്ച് വിഷയം ചർച്ച ചെയ്തത്. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗത്തിന് എതിരെ കർശന നടപടി വേണമെന്ന് ഒരു വിഭാഗം യോഗത്തിൽ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു.
 

Latest News