കണ്ണൂർ-കോടികളുടെ അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയുടെ സ്വത്ത് കണ്ടു കെട്ടി. കമ്പനി ഡയറക്ടർ ആയ മലപ്പുറം ചങ്ങരം കുളത്തെ ഷൗക്കത്തലിയുടെ വീടും സ്ഥലവുമാണ് രണ്ടു കോടി രൂപ വില കണക്കാക്കി കണ്ടു കെട്ടി റിപ്പോർട്ട് കളക്ടർക്ക് കൈമാറിയത്.
കണ്ണൂർ കേന്ദ്രീകരിച്ച് അർബർ നിധി, എനി ടൈം മണി എന്നീ സ്ഥാപങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ മുഴുവൻ ഡയറക്ടർമാരുടെയും സ്വത്തുക്കൾ കണ്ടു കെട്ടിയാലും നിക്ഷേപകർക്ക് നൽകാനുള്ള തുകയുടെ കാൽ ഭാഗം പോലും വരില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തട്ടിപ്പിലൂടെ സമാഹരിച്ച തുക മുഴുവൻ ബിനാമി നിക്ഷേപങ്ങളിലേക്കാണ് എത്തിയതെന്നാണ് നിഗമനം. ബിനാമികളെ കൃത്യമായി കണ്ടെത്തിയാൽ മാത്രമേ തട്ടിപ്പു നടത്തിയ പണം എവിടെക്കാണ് ഒഴുക്കിയതെന്ന് അറിയാനാവൂ. ഷൗക്കത്തലിയാണ് നിക്ഷേപ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഷൗക്കത്തലിയുടെ സ്വത്തിന് പുറമെ, സ്ഥാപനത്തിന്റെ മാനേജിംങ് ഡയറക്ടറും ഷൗക്കത്തലിയുടെ അടയ്ക്ക കയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളിയുമായ മലപ്പറത്തെ ജസീനയുടെ വീടും സ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്. ഇവരുടെ അമ്മയും അമ്മാവനും ഉൾപ്പെടെയുള്ള ബന്ധുക്കൾ കമ്പനിയിലെ മറ്റു ഡയറക്ടർമാരാണ്.
ഷൗക്കത്തലി മലപ്പുറത്തെ ചങ്ങരംകുളത്ത് നിർമിച്ച ആധുനികരീതിയിലുള്ള വീടാണ് കണ്ടുകെട്ടിയത്. വീടും സ്ഥലവും ഭാര്യാസഹോദരിയുടെ പേരിലായിരുന്നു. അർബൻ നിധി, എനി ടൈം മണി എന്നീ സ്ഥാപിനങ്ങളുമായി ബന്ധപ്പെട്ട് ഇതു വരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുത്ത 110 പരാതികളിലായി 19.5 കോടി രൂപയോളം രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. കണ്ണൂരിലെ രണ്ട് സ്ഥാപനങ്ങളുടെയും വസ്തുവകയുടെ മൂല്യം കണക്കാക്കി കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.






