ജിദ്ദ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിക്കാൻ വിദേശ മന്ത്രാലയം നാലു ഹോട്ടലുകൾ നീക്കിവെച്ചു. വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും മക്ക പ്രവിശ്യ വിദേശ മന്ത്രാലയ ശാഖാ മേധാവി മാസിൻ അൽഹംലിയുടെ നിരീക്ഷണത്തിലുമാണ് സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവർക്ക് ഹോട്ടലുകളിലേക്ക് മാറ്റി ആവശ്യമായ മുഴുവൻ സഹായങ്ങളും നൽകുന്നത്. നിലവിൽ ജിദ്ദയിലെ നാലു ഹോട്ടലുകളിലും കൂടി 800 ലേറെ പേർ കഴിയുന്നുണ്ട്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെ ഹോട്ടലുകളിലേക്ക് മാറ്റുന്നവരുടെ സ്വദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നു.
സുഡാനിൽ നിന്ന് കപ്പലുകൾ വഴി കിംഗ് ഫൈസൽ നാവിക താവളത്തിലും വിമാനങ്ങൾ വഴി കിംഗ് അബ്ദുല്ല വ്യോമ താവളത്തിലും എത്തുന്നവരെ ബസുകളിൽ ഹോട്ടലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ജവാസാത്ത് ഡയറക്ടറേറ്റുമായി ഏകോപനം നടത്തി ഇവരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കുകയും തൽക്ഷണം വിസകൾ അനുവദിക്കുകയും ചെയ്യുന്നു. ശേഷം സ്വദേശങ്ങളിലേക്കുള്ള യാത്രാ നടപടികൾ എളുപ്പമാക്കാൻ വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി ഏകോപനം നടത്തുകയാണ് ചെയ്യുന്നത്.
ഏറെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത ഹോട്ടലുകളിൽ താമസിപ്പിക്കുന്നവർക്ക് എല്ലാവിധ മെഡിക്കൽ പരിചരണങ്ങളും നൽകുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെ ഇവർക്ക് മൂന്നു നേരത്തെ ഭക്ഷണവും വിതരണം ചെയ്യുന്നു.
ഇന്നലെ രാവിലെ വരെ സുഡാനിൽ നിന്ന് സൗദി അറേബ്യ 2,991 പേരെ ഒഴിപ്പിച്ചു. ഇക്കൂട്ടത്തിൽ 119 പേർ സൗദി പൗരന്മാരും 2,872 പേർ 80 രാജ്യക്കാരുമാണ്. ഇന്നലെ രാവിലെ സൗദി നാവിക സേനാ കപ്പലിൽ 195 പേരെ കൂടി ഒഴിപ്പിച്ച് ജിദ്ദ കിംഗ് ഫൈസൽ നാവിക താവളത്തിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ഫലസ്തീൻ, തായ്‌ലന്റ്, മൗറിത്താനിയ, ശ്രീലങ്ക, അമേരിക്ക, പോളണ്ട്, ബ്രിട്ടൻ, ഓസ്ട്രിയ, ഇന്തോനേഷ്യ, കാനഡ, ഇറാഖ്, ഈജിപ്ത്, ഓസ്‌ട്രേലിയ, സിറിയ എന്നീ രാജ്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.