കോട്ടയം - വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പൊൻകുന്നം ചാമംപതാലിയിലെ ചേർപ്പുത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജ്(60) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഡാർളിയെ (52) ഗുരുതര പരിക്കുകളോടെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ വൈക്കോൽ നൽകിയ ശേഷം മാറ്റിക്കെട്ടാൻ ശ്രമിക്കവെയാണ് കാള റെജിയെ ആക്രമിച്ചത്. റെജിയുടെ നിലവിളി കേട്ട് രക്ഷിക്കാൻ എത്തിയപ്പോഴാണ് ഭാര്യ ഡാർളിക്ക് കുത്തേറ്റത്. ഡാർലിയുടെ കാലിലാണ് കുത്തേറ്റത്. ഇവരുടെ ദേഹമാസകലം പരുക്കുണ്ട്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മകൾ ക്യാനഡയിലായതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വർഷങ്ങളായി പോത്തുകളെയും കാളകളെയും വളർത്തിവന്നിരുന്ന ആളാണ് റജി. കുറച്ചുനാൾ മുമ്പാണ് ആക്രമണം നടത്തിയ പുതിയ കാളയെ റെജി വാങ്ങിയതെന്ന് അയൽവാസികൾ പറഞ്ഞു.