പതിനഞ്ച് മിനുറ്റില്‍ എ.ടി.എം കൊള്ളയടിക്കാന്‍  പരിശീലനം നല്‍കുന്ന സുധീര്‍ മിശ്ര അറസ്റ്റില്‍ 

ലഖ്‌നൗ-പതിനഞ്ച് മിനിട്ടിനുള്ളില്‍ എ ടി എം കൊള്ളയടിക്കുന്നതെങ്ങനെയെന്ന് യുവാക്കള്‍ക്ക് ക്ലാസെടുത്ത 'എ ടി എം ബാബ' പിടിയില്‍. ലഖ്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടിഎമ്മില്‍ നിന്ന് 39.58 ലക്ഷം രൂപ മോഷ്ടിച്ച നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 'എ ടി എം ബാബ'എന്നറിയപ്പെടുന്ന സുധീര്‍ മിശ്രയെ പോലീസ് പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍രഹിതരായ യുവാക്കളെ തന്റെയൊപ്പം കൂട്ടി, എ ടി എം കൊള്ളയടിക്കാന്‍ അവര്‍ക്ക് പരിശീലനം നല്‍കുകയാണ് സുധീര്‍ മിശ്ര ചെയ്യുന്നത്. വളരെ പെട്ടെന്ന് എടിഎം ആക്‌സസ് ചെയ്യുന്നതും സിസിടിവിയില്‍പ്പെടാതിരിക്കാനുള്ള സൂത്രവുമൊക്കെയാണ് ഇയാള്‍ തന്റെ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത്.പരിശീലനത്തിന് ശേഷം 15 ദിവസത്തെ 'ലൈവ് ക്ലാസുമുണ്ട്.' ഒരു വര്‍ഷത്തിനിടെ രാജ്യവ്യാപകമായി മുപ്പതിലധികം എ ടി എമ്മുകളാണ് സംഘം കൊള്ളയടിച്ചതെന്ന് പോലീസ് പറഞ്ഞു. 15 മിനിട്ടോ അതില്‍ കുറവോ സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കുന്നവരെ മാത്രമേ സുധീര്‍ മിശ്ര ഫീല്‍ഡിലേക്ക് അയക്കുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Latest News