കർണാടക എന്ന ദിശാസൂചി

ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗിച്ചുള്ള പ്രചാരണമാണ് കോൺഗ്രസിന്റേത്. കർണാടക പിടിച്ചാൽ 2024 തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം കോൺഗ്രസിന് കൈവരും. അതല്ല, ബി.ജെ.പി ഒറ്റക്ക് അധികാരം പിടിച്ചാൽ കോൺഗ്രസിന് വൻ തിരിച്ചടിയാകും ലഭിക്കുക. അതിനാൽ തന്നെ ഇതിനകം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു മെയ് 10 ന് നടക്കുന്ന വോട്ടെടുപ്പ്.

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാണ്. കോൺഗ്രസിനും ബി.ജെ.പിക്കും ഇതിനകം അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ട് നിയമസഭ തെരഞ്ഞെടുപ്പ്. പതിവില്ലാത്ത വിധം പാർട്ടിക്കുള്ളിൽ അപസ്വരങ്ങൾ നേരിടേണ്ടിവന്നത് ബി.ജെ.പിക്ക് ആശങ്ക പകർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടിവന്നു പല മുതിർന്ന നേതാക്കളെയും സമാധാനിപ്പിക്കാൻ. ചിലരൊക്കെ കോൺഗ്രസിലേക്ക് ചേക്കേറി സീറ്റുകൾ സ്വന്തമാക്കി. ഇത് ഗുണം ചെയ്യുമോ എന്നറിയാൻ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മാത്രമല്ല, ഒരു സുസ്ഥിര സർക്കാരുണ്ടാകുന്നതു വരെ കാത്തിരിക്കണം.

കോൺഗ്രസിന്റെ പ്രചാരണം ഇത്തവണ മൈക്രോമാനേജ്‌മെന്റിനെയാണ് ആശ്രയിക്കുന്നത്. പാർട്ടിയുടെ കേന്ദ്ര നേതൃത്വം എഴുപതോളം മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത നാല് 'ഗാരണ്ടികൾ' എല്ലാ വോട്ടർമാരിലും എത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. ചില സീറ്റുകളിൽ ഗാന്ധി സഹോദരങ്ങൾ നടത്തുന്ന വിപുലമായ പ്രചാരണവും പ്രതീക്ഷ നൽകുന്നതാണ്. രാഹുൽ ഗാന്ധി സംസ്ഥാനത്ത് 12 ദിവസം ചെലവഴിക്കുമെന്നാണ് കരുതുന്നത്. പ്രാദേശിക വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനവും ബസവരാജ് ബൊമ്മൈക്കെതിരായ അഴിമതി ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രചാരണവും കോൺഗ്രസ് പുറത്തെടുത്തിട്ടുണ്ട്. 
മൂന്ന് ആഭ്യന്തര സർവേകളാണ് സംസ്ഥാനത്തുടനീളമുള്ള എഴുപതോളം സാധ്യത സീറ്റുകൾ തിരിച്ചറിയാൻ കോൺഗ്രസിനെ സഹായിച്ചത്. ഇത് അൽപം അധിക പരിശ്രമം കൊണ്ട് നേടാനാകുമെന്ന് പാർട്ടി വിശ്വസിക്കുന്നു. അഭിമാന പോരാട്ടത്തിൽ വിജയിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഈ ഓരോ മണ്ഡലത്തിലേക്കും എ.ഐ.സി.സി നിരീക്ഷകരെ കേന്ദ്ര നേതൃത്വം നിയോഗിച്ചിട്ടുണ്ട്.
എ.ഐ.സി.സി കണ്ടെത്തിയ 70 സീറ്റുകളിൽ 63 എണ്ണത്തിന്റെ ലിസ്റ്റ് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 2018 ൽ ബി.ജെ.പി 28 ഉം കോൺഗ്രസ് 23 ഉം ജെ.ഡി (എസ്) 11 ഉം ബി.എസ്.പി ഒന്നും നേടി. മാത്രമല്ല, പാവഗഡ, കുണ്ഡ്‌ഗോൾ, ഹിരേകെരൂർ, ശൃംഗേരി, ബെല്ലാരി, ജാംഖണ്ഡി എന്നിവയുൾപ്പെടെ ഈ സീറ്റുകളിൽ പലതും നേരിയ വ്യത്യാസത്തിലാണ് കോൺഗ്രസ് നേടിയത്. 
പ്രിയങ്ക ഗാന്ധി ഈ സീറ്റുകളിൽ നാലെണ്ണം ഇതിനകം കവർ ചെയ്തിട്ടുണ്ട്. അവർ ചൊവ്വാഴ്ച ഹനൂറിലും കൃഷ്ണരാജ നഗരയിലും ബുധനാഴ്ച ശൃംഗേരിയിലും ഹിരിയൂരിലും ഉണ്ടായിരുന്നു.
മധ്യപ്രദേശ് മുൻ ആഭ്യന്തര മന്ത്രി ബാലാ ബച്ചൻ, ഛത്തീസ്ഗഢ് മന്ത്രി കവാസി ലഖ്മ, രാജ്യസഭ എം.പി രഞ്ജിത് രഞ്ജൻ, മുൻ ഗുജറാത്ത് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി, മഹാരാഷ്ട്ര മുൻ മന്ത്രിമാരായ വിജയ് വദ്ദേത്തിവാർ, അമിത് ദേശ്മുഖ്, സതേജ് പാട്ടീൽ, മുൻ യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, ഉത്തരാഖണ്ഡ് ഡെപ്യൂട്ടി സി.എൽ.പി നേതാവ് ഭുവൻ കപ്രി എന്നിവരെല്ലാം ഈ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു.
കഴിഞ്ഞ നാല് തവണ മത്സരിച്ചിട്ടും ഒരു തവണ മാത്രം വിജയിച്ച ഒരു നേതാവിന് കോൺഗ്രസ് സീറ്റ് നൽകിയില്ല. എന്നാൽ ടിക്കറ്റ് നിഷേധിക്കപ്പെട്ട വ്യക്തിക്കൊപ്പമാണ് പാർട്ടിയുടെ പ്രചാരണ സജ്ജീകരണം. വാർഡ് തലം വരെയുള്ള ഒട്ടുമിക്ക ഭാരവാഹികളും അദ്ദേഹത്തോട് അടുപ്പമുള്ളവരാണ്. അദ്ദേഹത്തിന്റെ മകൻ സമീപ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാണെന്നതും ഇതിനോട് കൂട്ടിച്ചേർക്കണം. തന്റെ എല്ലാ ആളുകളെയും പ്രചാരണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ഇപ്പോൾ അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ചുമതല. ഈ രീതിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ അതൃപ്തി കൈകാര്യം ചെയ്യുന്നതിന് നിരീക്ഷകർ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനായി ഒരു വാർ റൂം തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സവിശേഷമായ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും സാധ്യതയുണ്ടോ എന്നും പരിശോധിക്കുന്നു.
സവിശേഷ പ്രവർത്തനങ്ങളെന്നാൽ നിർദിഷ്ട വോട്ടർ ഗ്രൂപ്പുകളെ, അത് ജാതിയോ സമുദായമോ ഭാഷ ഗ്രൂപ്പുകളോ ആകട്ടെ,  ലക്ഷ്യമിടുന്നതാണ്. ഉഡുപ്പിയിലെ കാപ്പുവിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധികളുമായി രാഹുൽ ഗാന്ധി നടത്തിയ സംവാദം ഉദാഹരണം.
കോൺഗ്രസിന്റെ 'നാല് ഗാരന്റി' കാർഡിന്റെ രൂപത്തിൽ എല്ലാ വീട്ടിലും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് മറ്റൊരു ടാസ്‌ക്. ഈ ഗാരന്റികളിൽ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമയുള്ളവർക്ക് 1,500 രൂപയും രണ്ട് വർഷത്തേക്ക് തൊഴിലില്ലായ്മ അലവൻസും ഉൾപ്പെടുന്ന യുവ നിധി പദ്ധതിയാണ് പ്രധാനം. എല്ലാ കുടുംബങ്ങൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി, കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക്  പ്രതിമാസം 2000 രൂപ കിട്ടുന്ന ഗൃഹലക്ഷ്മി പദ്ധതി, കൂടാതെ ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ അരി ലഭിക്കുന്ന അന്ന ഭാഗ്യ പദ്ധതി.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഗണ്യമായ ജനസംഖ്യയുള്ള ബംഗളൂരുവിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള ലോക്‌സഭ എം.പിമാരായ കാർത്തി ചിദംബരത്തെയും ജ്യോതിമണിയെയും തമിഴരിലേക്ക് എത്താൻ നിയോഗിച്ചിട്ടുണ്ട്; മലയാളികളെ സ്വാധീനിക്കാൻ കേരള എം.പി ബെന്നി ബഹനാനും സംസ്ഥാനത്തെ മറ്റു ചില നേതാക്കളും എത്തിയിട്ടുണ്ട്. തെലുങ്ക് സംസാരിക്കുന്ന വോട്ടർമാർക്കിടയിൽ പ്രചാരണത്തിന് എൻ. രഘുവീര റെഡ്ഡി, ഉത്തരേന്ത്യക്കാരെ ലക്ഷ്യമിട്ട് സഞ്ജയ് നിരുപം. അവിനാശ് പാണ്ഡെ, എ. ചെല്ലകുമാർ, മാണിക്കം ടാഗോർ, അജോയ് കുമാർ, മോഹൻ പ്രകാശ് എന്നിവരെ മധ്യ കർണാടക, മൈസൂർ, മുംബൈ കർണാടക തീരദേശ മേഖലകളിലെ പ്രാദേശിക നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. 
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നു. കർണാടക സ്വന്തം സംസ്ഥാനമായതിനാൽ അദ്ദേഹത്തിനിത് അഭിമാന പ്രശ്‌നമാണ്. ടിക്കറ്റ് വിതരണത്തിലെ അതൃപ്തി, ഉൾപാർട്ടി പ്രശ്‌നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ എ.ഐ.സി.സി സംഘടന ചുമതലയുള്ള കെ.സി. വേണുഗോപാൽ ബംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. 
ഗാന്ധി സഹോദരങ്ങളെ കൂടാതെ കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്‌വീന്ദർ സിംഗ് സുഖു എന്നിവരും സംസ്ഥാനത്ത് കൂടുതൽ സമയം ചെലവഴിക്കും. രണ്ട് ദിവസം ഇതിനകം സംസ്ഥാനത്ത് ചെലവഴിച്ച പ്രിയങ്ക കുറഞ്ഞത് ആറ് ദിവസമെങ്കിലും പ്രചാരണത്തിന് എത്താനും സാധ്യതയുണ്ട്.
ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗിച്ചുള്ള പ്രചാരണമാണ് കോൺഗ്രസിന്റേത്. കർണാടക പിടിച്ചാൽ 2024 തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം കോൺഗ്രസിന് കൈവരും. അതല്ല, ബി.ജെ.പി ഒറ്റക്ക് അധികാരം പിടിച്ചാൽ കോൺഗ്രസിന് വൻ തിരിച്ചടിയാകും ലഭിക്കുക. അതിനാൽ തന്നെ ഇതിനകം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു മെയ് 10 ന് നടക്കുന്ന വോട്ടെടുപ്പ്.
 

Latest News