സജീവമാകുന്ന ഡീ-ഡോളറൈസേഷൻ ചർച്ചയും ലോകക്രമവും 

ഡോളറിലല്ലാതെ തന്നെ വ്യാപാരം നടത്താക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഡീ-ഡോളറൈസേഷൻ ആശയം അന്തരീക്ഷത്തിൽ മുഴങ്ങാൻ കാരണം. എന്നാൽ ഒരു ബദൽ കറൻസി ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അമേരിക്കയോട് സാമ്പത്തികമായി കിടപിടിക്കുന്ന ഏക രാജ്യം ചൈനയാണ്. എന്നാലും അമേരിക്കയേക്കാൾ ബഹുദൂരം പിന്നിലാണ് ചൈന. ചൈനയുടേത് കമ്യൂണിസ്റ്റ് ഏകാധിപത്യമാണെന്നത് വലിയ പരിമിതിയാണ്. ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു തുറന്ന സമൂഹത്തിൽ നിന്നായിരിക്കണം ബദൽ കറൻസിയെന്നത് പ്രധാനമാണ്.

അമേരിക്കക്കു മേൽ ചൈന, റഷ്യ, ഇറാൻ, തുർക്കി രാജ്യങ്ങളുടെ ഒരു ചേരി രൂപപ്പെട്ടുവരികയും മധ്യേഷ്യയിലെ എണ്ണ രാജ്യങ്ങൾ ഈ ചേരിയോടൊപ്പം നിലയുറപ്പിക്കുകയും ചെയ്താൽ സ്വാഭാവികമായും അമേരിക്കൻ അപ്രമാദിത്തത്തിനു അന്ത്യമാകും. എന്നാലതിനുള്ള സാധ്യത വിദൂരമാണ്. മറ്റൊരു വഴിക്ക് അമേരിക്കൻ കുത്തക തകരാനുള്ള വാതായനം തുറക്കുക ഡോളറിന്റെ നിസ്തുല സ്ഥാനം നിഷേധിക്കപ്പെടൽ വഴിയാണ്. ഡീ-ഡോളറൈസേഷൻ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ ഇന്ന് സജീവമാണ്. 

മിക്കവാറും രാജ്യങ്ങളുടെയും കരുതൽ സമ്പാദ്യം അമേരിക്കൻ ഡോളറിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ കറൻസിയെ നീക്കി മറ്റൊരു കറൻസിയെ, അല്ലെങ്കിൽ കറൻസികളെ പകരമായി കൊണ്ടുവരുന്നതിനെയാണ് ഡീ-ഡോളറൈസേഷൻ എന്ന് വിളിക്കുന്നത്. ഇത് സംഭവിച്ചാൽ അമേരിക്കയുടെ കുത്തക അവസാനിക്കുകയും മറ്റു വൻശക്തികൾ ഉയിർകൊള്ളുകയും ചെയ്യും. 

ഒരു കറൻസിയുടെ മേധാവിത്വം നൂറ് വർഷമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അൽപം ദൈർഘ്യമുള്ളതാണ് ഡോളറിന്റെ മേൽക്കോയ്മക്കഥ.
1944 മുതൽക്കാണ് ഡോളർ ആഗോള കറൻസിയുടെ ഭാഗധേയത്തിലേക്കെത്തുന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ പങ്കാളികളായ രാജ്യങ്ങൾക്ക് ആയുധം നൽകിയിരുന്നത് അമേരിക്കയാണ്. മറ്റു രാഷ്ട്രങ്ങൾ യുദ്ധം മൂലം പാപ്പരായപ്പോൾ അമേരിക്ക ശക്തിപ്പെട്ടു. അവർക്ക് യുദ്ധം ചെയ്യേണ്ടിവന്നില്ല. അവരുടെ രാജ്യത്തിനകത്ത് യുദ്ധക്കെടുതികളും ഉണ്ടായില്ല. ആയുധങ്ങളുടെ വില നിശയിച്ചത് ഡോളറിലല്ല, സ്വർണത്തിലായിരുന്നു. യുദ്ധം അവസാനിച്ചതോടെ ലോകത്തെ കരുതൽ സ്വർണത്തിന്റെ 60% അമേരിക്കയുടെ കൈകളിലെത്തി. അതായത് 574 മില്യൺ ഔൺസ് സ്വർണം. 

യുദ്ധക്കെടുതിക്കിടയിൽ 1944 ജൂലൈ ഒന്നിന് അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രട്ടൺ വുഡ്‌സിൽ ചേർന്ന 44 രാഷ്ട്രങ്ങളിൽനിന്നുള്ള 730 പ്രതിനിധികളുടെ സമ്മേളന തീരുമാനപ്രകാരമാണ് അന്താരാഷ്ട്ര നാണയനിധി രൂപീകരിക്കുന്നത്. രാഷ്ട്രങ്ങൾക്കിടയിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ ഒരു ധനകാര്യ സ്ഥാപനവും യുദ്ധക്കെടുതിയിൽനിന്ന് കരകയറാൻ പദ്ധതിയും വേണമെന്നായിരുന്നു സമ്മേളനത്തിന്റെ അജണ്ട. അങ്ങനെ ഐ.എം.എഫ് നിലവിൽവന്നു. അമേരിക്കൻ ഡോളറിനെ ഗ്ലോബൽ കറൻസിയായും മറ്റെല്ലാ കറൻസികളും ഡോളറുമായി പെഗ് ചെയ്യുവാനും തീരുമാനമായി. കരുതൽ ധനം ഡോളറിൽ സൂക്ഷിക്കുന്ന രാഷ്ട്രങ്ങൾക്ക് തത്തുല്യമായ സ്വർണം അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചു. ഒരു ഔൺസ് സ്വർണത്തിന് 35 ഡോളറായി നിജപ്പെടുത്തി. ബ്രട്ടൺ വുഡ്‌സ് കരാർ എന്നറിയപ്പെടുന്ന സംവിധാനം 1971 വരെ മുന്നോട്ട് പോയി. 

പല യൂറോപ്യൻ രാജ്യങ്ങളും യുദ്ധാനന്തര തിരിച്ചുവരവിനുള്ള യത്‌നങ്ങളിലായിരുന്നു. അവർ തങ്ങളുടെ കരുതൽ ധനമായി സൂക്ഷിച്ച ഡോളർ അമേരിക്കക്ക് കൊടുത്ത് പകരം സ്വർണം വാങ്ങിച്ചു. സ്വർണത്തിന്റെ ശേഖരം കുറഞ്ഞുവന്നു. ജപ്പാനും ജർമനിയും വലിയ തോതിൽ സാമ്പത്തിക വളർച്ച നേടി. ഡോളറിന്റെ മൂല്യം കുറയുന്ന സാഹചര്യമുണ്ടായി. അമേരിക്കയുടെ തൊഴിലില്ലായ്മ ആറ് ശതമാനത്തിന് മുകളിലായി. രാജ്യത്ത് നാണയപ്പെരുപ്പം വർധിച്ചു. പ്രസിഡന്റ് നിക്‌സൺ വൈറ്റ് ഹൗസിലെ പ്രധാനികളുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചിച്ച് ബ്രട്ടൺവുഡ് സംവിധാനത്തിലെ പ്രധാന കരാറായ ഡോളറിന് പകരം സ്വർണം കൊടുക്കാമെന്നതിൽനിന്നും പിന്മാറുകയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. നിക്‌സൺ ഷോക്ക് എന്ന പേരിലാണ് ഈ പ്രഖ്യാപനം അറിയപ്പെടുന്നത്. അതോടെ ഡോളർ മേധാവിത്വത്തിന് മങ്ങലേൽക്കേണ്ടതായിരുന്നു.  

എന്നാൽ 1970 കൾ  ആയപ്പഴേക്കും ഗൾഫ് മേഖലയിൽനിന്നും അമേരിക്കയുടെ സാങ്കേതിക വിദ്യയിൽ പെട്രോൾ ലഭ്യമാക്കാൻ തുടങ്ങിയിരുന്നു. മധ്യേഷ്യയിൽ വലിയ തോതിലുള്ള സുരക്ഷ ഭീഷണി നിലനിൽക്കുന്ന കാലമായിരുന്നു. നിക്‌സൺ സൗദിയിലെ ഫൈസൽ രാജാവുമായി സെക്യൂരിറ്റി കരാറിലേർപ്പെട്ടു. നിക്‌സന്റെ പ്രധാന ഡിമാൻഡ്, ഡോളറിൽ മാത്രമേ പെട്രോൾ വിൽക്കപ്പെടാൻ പാടുള്ളൂ എന്നായിരുന്നു. സൗദിയെത്തുടർന്ന് മറ്റെല്ലാ എണ്ണയുൽപാദക രാജ്യങ്ങളും വ്യാപാരം ഡോളറിൽ മാത്രമാക്കി. ഇതോടെ ഡോളറിന്റെ അപ്രമാദിത്തം ശക്തമാക്കാനായി. പെട്രോ ഡോളർ എന്ന ഓമനപ്പേരും ലഭിച്ചു.

ഈയടുത്ത കാലം വരെ അമേരിക്കൻ ഡോളറിൽ ആർക്കും അവിശ്വാസമില്ലായിരുന്നു. ഇക്വഡോർ, സിംബാബ്‌വേ പോലുള്ള രാജ്യങ്ങൾ അമേരിക്കൻ ഡോളറിനെ അവരുടെ കറൻസിയാക്കി. മാത്രമല്ല, പല രാജ്യങ്ങളും അവരുടെ കരുതൽ ധനം സെൻട്രൽ ബാങ്കുകളിൽ സൂക്ഷിക്കാതെ അമേരിക്കൻ സർക്കാരിന്റെ ബോണ്ടുകളിൽ നിക്ഷേപിച്ചു. ഇതും അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തി. അവർക്കാവശ്യമുള്ളത്ര ഡോളർ നോട്ടുകൾ അടിച്ചിറക്കാമെന്ന അവസ്ഥ വരെ കാര്യങ്ങളെത്തി. കമ്മി ബജറ്റ് അവതരിപ്പിക്കുന്ന വേളയിൽ പോലും അമേരിക്കയിൽ ധനക്കമ്മി അനുഭവപ്പെട്ടില്ല, പണപ്പെരുപ്പം മാർക്കറ്റിനെ ബാധിച്ചില്ല. അമേരിക്കയുടെ ചെലവഴിക്കൽ ശക്തി കുറഞ്ഞില്ല.

സ്വർണത്തിന് തുല്യം ഡോളറെന്ന അന്താരഷ്ട്ര മനോഭാവം തുടർന്നു. ആരോപണങ്ങളും ഒരുപാടുണ്ടായെങ്കിലും വിലപ്പോയില്ല. ലോകത്തിന്റെ മുമ്പിൽ മറ്റു വഴികളില്ലായിരുന്നു. ബാങ്കുകളുടെ പണമിടപാട് എളുപ്പമാക്കാനും സുരക്ഷ ഉറപ്പാക്കാനും ഉള്ള സ്വിഫ്റ്റ് സംവിധാനം അമേരിക്കയുടെ കുത്തകയാണ്. അതില്ലാതെ പണമിടപാട് സാധ്യമല്ല. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയാണ് അമേരിക്ക. ഏറ്റവും വലിയ സൈനിക ശക്തിയും വിവിധ രാജ്യങ്ങളിലായി എണ്ണൂറിലധികം മിലിറ്ററി ബേസുമുണ്ട്.

എന്നാൽ അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ഹിതത്തിന് വഴങ്ങിയില്ലെങ്കിൽ രാജ്യങ്ങൾക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സർക്കാർ ആയുധമാക്കിയത് ഡോളറിന്റെ അപ്രമാദിത്തത്തെയാണ്. ലോകത്തെ 30% രാജ്യങ്ങളും അമേരിക്കയുടെ  ഉപരോധം നേരിടുന്നുവെന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ്. ബോണ്ടുകൾ മരവിപ്പിച്ചും സ്വിഫ്റ്റ് സംവിധാനം തടഞ്ഞും പെട്രോൾ വിൽക്കാനോ വാങ്ങാനോ കഴിയാത്ത അവസ്ഥയിലെത്തിച്ചുമാണ് ഉപരോധിക്കൽ. 2014 മുതൽ റഷ്യക്കെതിരെ ഉപരോധത്തിലാണ്. എന്നാൽ റഷ്യ - ഉക്രൈൻ യുദ്ധത്തോടെ ഉപരോധം സമ്പൂർഇമായി. രക്ഷക്കെത്തിയത് ചൈനയാണ്. ഇന്ത്യയടക്കമുള്ള മറ്റു ചില രാജ്യങ്ങളും റഷ്യയിൽനിന്ന് റൂബിളിൽ പെട്രോളും ഉൽപന്നങ്ങളും വാങ്ങാൻ തുടങ്ങി. 

ഡോളറിലല്ലാതെ തന്നെ വ്യാപാരം നടത്താനാകുമെന്ന ആത്മവിശ്വാസമാണ് ഡീ-ഡോളറൈസേഷൻ ആശയം അന്തരീക്ഷത്തിൽ മുഴങ്ങാൻ കാരണം. എന്നാൽ ഒരു ബദൽ കറൻസി ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അമേരിക്കയോട് സാമ്പത്തികമായി കിടപിടിക്കുന്ന ഏക രാജ്യം ചൈനയാണ്. എന്നാലും അമേരിക്കയേക്കാൾ ബഹുദൂരം പിന്നിലാണ് ചൈന. ചൈനയുടേത് കമ്യൂണിസ്റ്റ് ഏകാധിപത്യമാണെന്നത് വലിയ പരിമിതിയാണ്. ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു തുറന്ന സമൂഹത്തിൽ നിന്നായിരിക്കണം ബദൽ കറൻസിയെന്നത് പ്രധാനമാണ്. നല്ല ഭരണം, സാമ്പത്തിക സുസ്ഥിരത, അന്താരാഷ്ട്ര വ്യാപാരത്തിലെ തുറന്ന സമീപനം എന്നീ മൂന്ന് ഗുണങ്ങൾ ഒത്തിണങ്ങിയാലേ ആഗോള കറൻസിയായി അംഗീകരിക്കപ്പെടൂ. അങ്ങനെയൊരു രാജ്യത്തിനായി ഇനിയും കാത്തിരിക്കണം.  

സ്വർണത്തിൽ വ്യാപാരം നടത്തുകയും കരുതൽ ധനമായി സ്വർണം സൂക്ഷിക്കുകയുമാവാം. റഷ്യയും ചൈനയും ഇസ്രായിലും സ്വർണം അഭൂതപൂർവമായി സമാഹരിക്കുന്നതിന്റെ രഹസ്യമിതായിരിക്കാം. ഡിജിറ്റൽ കറൻസിയിലേക്കോ ക്രിപ്‌റ്റോ കറൻസിയിലേക്കോ മാറാം. കുറെ രാജ്യങ്ങൾ ചേർന്ന് അവരുടേതായ ഒരു കറൻസി കൊണ്ടുവന്ന് അവരുടെ വ്യാപാരം ആ കറൻസിയിൽ കേന്ദ്രീകരിക്കാം. ഏതായാലും ഡീ-മോണിറ്റൈസേഷൻ അമേരിക്കക്കും ലോകരാഷ്ട്രങ്ങൾക്കും പരിഹരിക്കപ്പെടേണ്ട സമസ്യയായി അധികം വൈകാതെ ഉയർന്നുവരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.


 

Latest News