എ.രാജയ്ക്ക് താല്‍ക്കാലിക ആശ്വാസം, ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് സ്റ്റേ

ന്യൂദല്‍ഹി - ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചു.  ജൂലൈ വരെയാണ് സ്റ്റേ നിലനില്‍ക്കുക. എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എ.രാജയ്ക്ക് സുപ്രീം കോടതി തീരുമാനം താല്‍ക്കാലിക ആശ്വാസമായി. കേസ് ഇനി ജൂലൈയില്‍ പരിഗണിക്കും. സുപ്രീം കോടതി സ്റ്റേ പിന്‍വലിക്കുന്നത് വരെ എ. രാജയ്ക്ക് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാം. ശമ്പളവും അലവന്‍സും വാങ്ങാം. എന്നാല്‍ വോട്ട് ചെയ്യാന്‍ ഇക്കാലയളവില്‍ രാജയ്ക്ക് അവകാശം ഉണ്ടാകില്ല.
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യു ഡി എഫിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. സി പി എം ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച എ.രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍  യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. ഈ വിഭാഗത്തില്‍ പെട്ടയാളല്ലാത്ത എ.രാജ മത്സരിച്ചതിനെതിരെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഹര്‍ജി നല്‍കിയിരുന്നത്. എ. രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നത്. അതേസമയം വസ്തുതകള്‍ കണത്തിലെടുക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്നും അതിനാല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണെമന്നുമാണ് എ.രാജ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

 

Latest News