പ്രവാസികൾക്ക് സ്‌നേഹത്തണലായ കോൺസലർ എം.ആർ സജീവ് വിരമിക്കുന്നു 

റിയാദ് - സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടും പരിഹാരങ്ങൾക്കായി വിശ്രമരഹിതനായി പ്രവർത്തിച്ചും പ്രവാസികൾക്ക് സ്‌നേഹത്തണലായി നിന്ന ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ മേധാവി എം.ആർ സജീവ് വിരമിക്കുന്നു. സേവനപാതയിലെ മൂന്നു വർഷം നിയമപ്രശ്‌നങ്ങളിലും മറ്റും ആശയറ്റ് ആശങ്കയോടെ കഴിഞ്ഞ പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ നൊമ്പരങ്ങൾ അകറ്റാൻ മുന്നിൽ നിന്ന ഉദ്യോഗസ്ഥനാണ് എം.ആർ സജീവ്. ഈ മാസം 31 നാണ് എംബസിയിൽനിന്ന് വിരമിക്കുന്നത്. ഒന്നാം തിയ്യതി സ്വദേശമായ കോട്ടയം തിരുവഞ്ചൂരിലേക്ക് തിരിക്കും. റിയാദിലെ പൗരസമൂഹം ഇദ്ദേഹത്തിന് നാളെ(വെള്ളിയാഴ്ച) എംബസിയുടെ മൾട്ടിപർപസ് ഹാളിൽ യാത്രയയപ്പ് നൽകും.
വിയറ്റ്‌നാം, ഐവറി കോസ്റ്റ്, ബെലാറസ്, ചൈന, സൗത്ത് ആഫ്രിക്ക, ഓസ്ട്രിയ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം റിയാദിലെത്തിയത്. നിയമപ്രശ്‌നങ്ങൾ കാരണം നാട്ടിൽ പോകാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ ഇദ്ദേഹം തർഹീൽ, ലേബർ വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ ദുരിതങ്ങൾ അകറ്റാൻ മുന്നിൽ നിന്നു. കിഴക്കൻ പ്രവിശ്യയുൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ കുരുക്കഴിച്ചു. ഏകദേശം അമ്പതിനായിരത്തോളം പേർക്ക് എംബസിയുടെ കമ്മ്യൂണിറ്റി വെൽഫയർ വിഭാഗത്തിന്റെ സഹായത്തോടെ നാടണയാൻ അവസരം ലഭിച്ചു. ഊർജ്ജസ്വലരായ കമ്മ്യൂണിറ്റി വെൽഫയർ ഉദ്യോഗസ്ഥവൃന്ദത്തിന് കരുത്തുള്ള മേധാവിയായി സജീവ് സാർ നേതൃത്വം നൽകിയപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപൺ ഹൗസായി ഇന്ത്യൻ എംബസി മാറി.
ഇന്ത്യക്കാർ നേരിടുന്ന പ്രശ്‌നങ്ങളുടെ കാതലറിഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ ഇടപെടൽ. തൊഴിൽ, ജയിൽ, മരണം, മരണാനന്തരനഷ്ടപരിഹാരം, ഇ മൈെ്രെഗറ്റ്, ഗാർഹിക ജോലിക്കാർ, വൈവാഹിക പ്രശ്‌നങ്ങൾ തുടങ്ങി വെൽഫയർ വിഭാഗം കൈകാര്യം ചെയ്യുന്ന മേഖലകളിലെല്ലാം മിനുട്ടുകൾക്കകം പ്രശ്‌ന പരിഹാരങ്ങളെത്തി. ഇ മെയിൽ അയച്ചാൽപോലും ഉടനടി മറുപടിയും പരിഹാര നിർദേശങ്ങളും. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളുണ്ടെങ്കിൽ സൗദി ലേബർ മന്ത്രാലയത്തെയും ജയിൽ, തർഹീൽ ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട് പരിഹാരം തേടാൻ സജീവ് രംഗത്തിറങ്ങി. ഇതുവഴി ലേബർ, തർഹീൽ, ജയിൽ ഉദ്യോഗസ്ഥരെ ഇന്ത്യൻ എംബസിയുമായി കൂടുതൽ അടുപ്പിച്ചു.
എംബസിയുടെ പരിധിയിലുള്ള സന്നദ്ധസേവകർക്കും പരാതികളുമായി എംബസിയിലെത്തുന്നവർക്കും ആശ്വാസ കേന്ദ്രമായിരുന്നു സജീവ്. 
മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ 24 മണിക്കൂറും ഹെൽപ് ലൈൻ പ്രവർത്തിപ്പിച്ചു. ഏതു സമയത്തും ഇദ്ദേഹത്തെ വിളിച്ചാൽ ഫോണെടുക്കും. ഫോണിന്റെ മറുതലക്കൽ അഴിയാ ദുരിതം പേറുന്നവർ, മറ്റു അശരണർ, മരണാനന്തര നടപടികൾക്ക് സഹായം തേടുന്നവർ തുടങ്ങിയവരായിരിക്കുമെന്നതിനാൽ അവരെ കേട്ട് ആവശ്യമായ വഴികൾ പറഞ്ഞുകൊടുക്കും. ഇദ്ദേഹത്തിന്റെ കീഴിലെ ഉദ്യോഗസ്ഥരും സദാസേവനസജ്ജരായി നിൽക്കുന്നതിനാൽ പ്രശനങ്ങൾക്കെല്ലാം പരിഹാരം ദ്രുതഗതിയിലായിരിക്കുന്നു. കമ്മ്യുണിറ്റി വെൽഫയർ ഡിവിഷൻ മേധാവിയായ ഇദ്ദേഹം അംബാസഡറുടെയും ഡി.സി.എമ്മിന്റെയും അഭാവത്തിൽ എംബസിയുടെ ചുമതല വഹിച്ചു. ഡോ. ഔസാഫ് സഈദിന് ശേഷം ഒരു വർഷത്തോളം അംബാസഡർ സ്ഥാനം ഒഴിഞ്ഞുകിടന്നപ്പോൾ ഇന്ത്യൻ എംബസിയിലെ രണ്ടാം സ്ഥാനക്കാരനായി.
യു.എ.ഇയിലാണ് ഇന്ത്യൻ പ്രവാസികൾ കൂടുതലുള്ളതെങ്കിലും തൊഴിൽ മേഖലയിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് സൗദിയിലാണെന്നാണ് അബൂദാബിയിൽ ഏറെ കാലം ജോലി ചെയ്ത ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്‌പോൺസർ ഇഖാമ പുതുക്കാത്തതിനാലും ഇഖാമ എടുത്തുനൽകാത്തതിനാലും ഒളിച്ചോടിയെന്ന് (ഹുറൂബ്) രജിസ്റ്റർ ചെയ്തതിനാലും വർഷങ്ങളോളം നിയമക്കുരുക്കിൽപെട്ടവർക്ക് നാട്ടിൽ പോകാൻ വഴിയൊരുക്കുന്നതിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി വെൽഫയർ വിഭാഗത്തിന്റെ സേവനം വിലമതിക്കാനാവാത്തതാണ്. അമ്പതിനായിരത്തിലധികം പേർക്ക് ഇതുപ്രകാരം കഴിഞ്ഞ വർഷങ്ങളിൽ നാട്ടിലെത്താനായി. കോവിഡ് സമയത്ത് നിതാന്ത ജാഗ്രതയിലായിരുന്നു സജീവ് സാറും വെൽഫയർ ഉദ്യോഗസ്ഥരും. അവരുടെ അശ്രാന്തപരിശ്രമം കാരണം വന്ദേഭാരത് വിമാനസർവീസുകൾ കൂടുതൽ ലഭിക്കാനായി. കോവിഡ് ഭീതിയിൽ നാടുപിടിക്കാൻ വെമ്പൽ കൊണ്ടവർക്ക് ആശ്വാസതണലായിരുന്നു അന്ന് ഇന്ത്യൻ എംബസിയുടെ വെൽഫയർ വിഭാഗം.
38 വർഷം മുമ്പ് 1985 ജൂലൈ ഒന്നിനാണ് ഇദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോലി തുടങ്ങിയത്. ഇന്നത്തെ പ്രയാഗ് രാജിൽ 1963 ലാണ് ജനനം. നിഷ പേരമ്പത്ത് ആണ് ഭാര്യ. ബംഗളുരുവിൽ എം.ബി.എ വിദ്യാർഥിനി നിഷ, സൈക്കോളജിയിൽ ബി.എസ്‌സി വിദ്യാർഥിനി ദിവ്യ എന്നിവർ മക്കളാണ്.


 

Latest News