ന്യൂദല്‍ഹി-ആഭ്യന്തരയുദ്ധത്തിന് നടുവില്‍പെട്ട സുഡാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് മൂന്നാമത്തെ പടക്കപ്പല്‍ സുഡാനിലെത്തി. ഐ.എന്‍.എസ് സുമേധ, ഐ.എന്‍.എസ് തേജ് എന്നിവക്ക് പിന്നാലെ ഐ.എന്‍.എസ് തര്‍കഷും സുഡാന്‍ തുറമുഖത്തെത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്ന മൂന്നാമത്തെ നേവി കപ്പലാണിത്.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വത്ര പറഞ്ഞു. സുഡാനിലെ സ്ഥിതി അതീവ കലുഷിതമാണ്. കലാപം തുടങ്ങിയ ഏപ്രില്‍ 15 മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുകയും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയുമാണ്.
കലാപ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ എത്രയും വേഗം പുറത്തെത്തിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. 3,500 ഓളം ഇന്ത്യക്കാരും 1000 ഓളം ഇന്ത്യന്‍ വംശജരും ഉണ്ടെന്നാണ് കണക്കാക്കുന്നത്.