കൽപറ്റ-സംസ്ഥാന സർക്കാർ 2018ൽ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയിലെ അംഗകർഷകർ നട്ടം തിരിയുന്നു. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കു കീഴിൽ കോഴി വളർത്തലിൽ ഏർപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരാണ് ഗതികേടിൽ. വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളിൽ മൂന്നര കോടിയിലധികം രൂപയാണ് ഇത്രയും കർഷകർക്ക് ബ്രഹ്മഗിരി സൊസൈറ്റി നൽകാനുള്ളത്. കർഷകർ ജനുവരി 23ന് സമരം ചെയ്തപ്പോൾ മാർച്ച് അവസാനത്തോടെ എല്ലാവർക്കും തുക ലഭ്യമാക്കുമെന്നാണ് സൊസൈറ്റി അധികൃതർ അറിയിച്ചത്. എന്നാൽ ഏപ്രിൽ അവസാനിക്കാറായിട്ടും ഒരാൾക്കുപോലും ലഭിച്ചില്ല. ധനകാര്യ സ്ഥാപനങ്ങളിൽനിന്നുംമറ്റും വായ്പ വാങ്ങി വിത്തുധനം നൽകുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കർഷകർ കടക്കെണിയിലാണ്. തുക നൽകുന്നതിൽ സൊസൈറ്റി ഇനിയും വീഴ്ച വരുത്തിയാൽ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ചു ശക്തമായ സമരത്തിനു കർഷകർ നിർബന്ധിതരാകുമെന്ന് കേരള ചിക്കൻ കർഷക ഫെഡറേഷൻ ഭാരവാഹികളായ പി.എ.മുസ്തഫ(വയനാട്), ടോമി മൈക്കിൾ(കണ്ണൂർ), കെ.പി.സത്യൻ(പാലക്കാട്), പി.സി.മനോജൻ(വയനാട്) എന്നിവർ പറഞ്ഞു.
സംസ്ഥാനത്ത് ഉപഭോഗത്തിനു ആവശ്യമായ കോഴിമാംസം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബർ 30ന് മുഖ്യമന്ത്രി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കൻ പദ്ധതി. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗൾട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിർവഹണത്തിനു ചുമതലപ്പെടുത്തിയത്.
അംഗങ്ങളാകുന്ന കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നൽകുകയും 40 ദിവസം വളർച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെ വാങ്ങി പരിപാലനചെലവായി കിലോഗ്രാമിനു എട്ടു മുതൽ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി ക്രമീകരണം. കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള ഷെഡ്, വൈദ്യുതി, വെള്ളം മുതലായവ കർഷകരുടെ ഉത്തരവാദിത്തമാണ്.
കോഴിക്കുഞ്ഞ് ഒന്നിന് 130 രൂപയാണ് വിത്തുധനമായി ബഹ്മഗിരി സൊസൈറ്റി കർഷകരിൽനിന്നു വാങ്ങിയത്. ഒരേ സമയം 15,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയ കർഷകർ ലക്ഷക്കണക്കിനു രൂപയാണ് വിത്തുധനമായി സൊസൈറ്റിക്കു നൽകിയത്. പദ്ധതിയിൽനിന്നു പിൻമാറുന്ന പക്ഷം ഒരു മാസത്തിനകം തിരികെ ലഭ്യമാക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. ഏജൻസികളിൽ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കർഷകരിൽനിന്നു വിത്തുധനം വാങ്ങിയത്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് സൊസൈറ്റി കർഷകർക്കു എത്തിച്ചിരുന്നത്. കുറച്ചുകാലം നല്ലനിലയിലായിരുന്ന പദ്ധതി പിന്നീട് താളം തെറ്റി. കോഴിക്കുഞ്ഞും തീറ്റയും മരുന്നും മറ്റും കർഷകർക്ക് യഥാസമയം കിട്ടാതായി. പരിപാലനച്ചെലവ് സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചയുണ്ടായി. ഈ സാഹചര്യത്തിൽ പദ്ധതിയിൽനിന്നു പിൻവാങ്ങിയ കർഷകർക്ക് നേരത്തേ വ്യവസ്ഥ ചെയ്തതുപ്രകാരം വിത്തുധനം തിരികെ നൽകാനും സൊസൈറ്റിക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കർഷകർ സംഘടിച്ച് ജനുവരിയിൽ സമരം സംഘടിപ്പിച്ചത്. സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കാത്തതും കോഴിയിറച്ചി വിലത്തകർച്ചയും സൊസൈറ്റി അധികാരികളുടെ കെടുകാര്യസ്ഥതയുമാണ് പദ്ധതിക്കു വിനയായതെന്ന് കർഷക ഫെഡറേഷൻ പ്രതിനിധികൾ പറഞ്ഞു. ബ്രോയിലർ ചിക്കൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ 2018-19 സംസ്ഥാന ബജറ്റിൽ നീക്കിവച്ച 38 കോടി രൂപ സർക്കാര് വിട്ടുകൊടുത്തിരുന്നില്ല.
തൊഴിൽ നഷ്ടപ്പെട്ടതിനാൽ ദൈനംദിന ജീവിതത്തിനുപോലും കർഷകർ പ്രയാസപ്പെടുകയാണ്. സർക്കാർ ഫണ്ട് ലഭ്യമാക്കിയാൽ മാത്രമേ പദ്ധതി മുമ്പോട്ട് കൊണ്ടുപോകാൻ കഴിയൂ. പദ്ധതി നിർവഹണത്തിൽ അറിവും കഴിവും ഉള്ള ആളുകളുടെയും കർഷക പ്രതിനിധികളുടെയും സേവനം പ്രയോജനപ്പെടുത്തണം. പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനു പകരം കോഴി ഫാം ആഡംബര ലിസ്റ്റിൽപ്പെടുത്തി സർക്കാർ വൺ ടൈം ടാക്‌സ് ഏർപ്പെടുത്തിയിരിക്കയാണെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.