ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 70 ബില്യൺ ഡോളറിന്റെ ഓഹരികൾ തിരികെ വാങ്ങുന്നു. പ്രതീക്ഷച്ചതിലും കൂടുതൽ വരുമാനം പരസ്യത്തിൽനിന്നും ക്ലൗഡ് സേവനങ്ങളിൽനിന്നും ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ആദ്യ ക്വാർട്ടറിൽ വെളിപ്പെടുത്തിയിരിക്കുന്ന വരുമാനവും ലാഭവും പ്രതീക്ഷിച്ചതിലും കൂടുതലാണ്.
ഗൂഗിളിന്റെ ബൈബാക്ക് പദ്ധതി പുറത്തുവന്നതോടെ ഓഹരി വില നാലു ശതമാനം ഉയർന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന സൂചനകൾക്കിടെ കമ്പനി ചെലവു ചുരുക്കൽ ആരംഭിച്ചിരുന്നു. 12,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് കഴിഞ്ഞ ജനുവരിയിൽ തീരുമാനമെടുത്തത്. നിർമിതബുദ്ധി രംഗത്തെ മുന്നേറ്റത്തോടെ മൈക്രോസോഫ്റ്റും ഗൂഗിളും തമ്മിലുള്ള മത്സരം ശക്തമാണ്.
സാങ്കേതിക രംഗത്ത് നിർണായകമായി മാറിയിരിക്കുന്ന ചാറ്റ്ജി.പി.ടി വികസിപ്പിക്കാൻ ഓപ്പൺ എ.ഐക്ക് സാമ്പത്തിക സഹായം നൽകിയത് മൈക്രോസോഫ്റ്റാണ്. പത്ത് ബില്യൺ ഡോളറാണ് മൈക്രോസോഫ്റ്റ് ഓപ്പൺ എ.ഐക്ക് വാഗ്ദാനം ചെയ്തിരുന്നത്. മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ആൽഫബെറ്റിന്റെ വരുമാനം 69.79 ബില്യൺ ഡോളറാണ്. 68.95 ബില്യൺ ഡോളറാണ് പ്രതീക്ഷിച്ചിരുന്നത്.






