നന്മയുടെ പ്രതീകം, നടന മികവിന്റെ മാതൃക

സ്‌നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, കോഴിക്കോടൻ നന്മ മനസ്സിൽ നിറച്ചിരുന്ന കലാകാരനായിരുന്നു.  കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളിൽ അദ്ദേഹം എന്നും സജീവമായിരുന്നു.
ഒരു കാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്‌കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതിന്റെ കാമ്പുണ്ടായിരുന്നു  മാമുക്കോയയുടെ ജീവിതക്കാഴ്ചകൾക്ക്. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റെക്കാട്ട്, എം.എസ്. ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല, സമകാലിക സംഭവ വികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന, അവയിൽ കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹിക നിരീക്ഷകന്റെ റോളായിരുന്നു യഥാർഥ ജീവിതത്തിൽ മാമുക്കോയയുടേത്. സാമൂഹികവും മതപരവും രാഷ്ട്രീയവുമായ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉറക്കെ പ്രകടിപ്പിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.


പൗരത്വ പ്രക്ഷോഭ സമയത്ത്  കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ഷഹീൻ ബാഗ് സ്‌ക്വയറിൽ പങ്കെടുത്ത് മാമുക്കോയ പറഞ്ഞത്, നമ്മൾ ജനിച്ച നാട്ടിൽ നമ്മൾ ജീവിക്കും, നമ്മൾ മരിക്കും. അതിനു തടസ്സമായാൽ പിന്നെ മരിക്കലാണ് നല്ലത്. അതിൽ പിന്നെ ഒരു അഡ്ജസ്റ്റ്‌മെന്റ് പറ്റില്ല. നമ്മൾ ഇപ്പോൾ മിണ്ടാതിരുന്നാൽ നമ്മൾ ഖബറടക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു. ലൗ ജിഹാദ് വിവാദത്തിലും മഅ്ദനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടപ്പോഴുമെല്ലാം ഈ രീതിയിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.


നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു. ലിപിയില്ലാത്ത ബ്യാരി ഭാഷയിലെ  സുവീരന്റെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക വ്യവസ്ഥിതിക്കു നേരെയുള്ള ലളിതവും പൊടുന്നനെയുമുള്ള മാമുവിന്റെ കാലാതീത ഡയലോഗുകൾ പുതുതലമുറക്കിടയിൽ 'സുൽത്താൻ ഓഫ് തഗ് ഡയലോഗ്‌സ്' എന്ന വിശേഷണവും മാമുക്കോയക്ക് പിന്നീട് നൽകി.
സംഭാഷണ മികവിൽ മുന്നിൽ നിൽക്കുന്ന അനേകം കഥാപാത്രങ്ങളുണ്ട് ആ നിരയിൽ. ലളിതവും സത്യസന്ധവുമായ അഭിനയ രീതിയായിരുന്നു മാമുക്കോയയുടേത്. തനിക്ക് അഭിനയിക്കാൻ അറിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് മാമുക്കോയ ഒരിക്കൽ പറഞ്ഞത്. ''ചായക്കടക്കാരന്റെയോ മീൻ വിൽപനക്കാരന്റെയോ പോക്കറ്റടിക്കാരന്റെയോ വേഷം ലഭിക്കുമ്പോൾ ജീവിതത്തിൽ ഞാൻ ചായക്കടക്കാരനോ മീൻകാരനോ പോക്കറ്റടിക്കാരനോ ആയിരുന്നെങ്കിൽ എങ്ങനെ പെരുമാറുമായിരുന്നുവോ, അങ്ങനെ ചെയ്യുന്നു. ഞാൻ ഗൗരവത്തിലാണ് ചെയ്യുന്നത്. കാണികൾ അതിൽ ഹാസ്യം കാണുന്നുവെന്നു മാത്രം''  -ഇതായിരുന്നു ഇക്കാര്യത്തിലുള്ള മാമുക്കോയയുടെ പ്രതികരണം.

Latest News