Sorry, you need to enable JavaScript to visit this website.

ട്രാഫിക് സൂചനാ ബോര്‍ഡ് മോഷ്ടിച്ചതിന് 75 വര്‍ഷങ്ങള്‍ക്കു ശേഷം ക്ഷമാപണം 

വാഷിങ്ടണ്‍- അമേരിക്കന്‍ സംസ്ഥാനമായ യുട്ടോയിലെ മിഡ്‌വെയ്ല്‍ സിറ്റി അധികൃതര്‍ ഒരു ക്ഷമാപണ കത്ത് കണ്ടു ഞെട്ടിയിരിക്കുകയാണ്. ടെക്‌സസില്‍ നിന്നുള്ള ഒരു 90-കാരന്‍ സ്വന്തം കുറ്റം ഏറ്റുപറഞ്ഞാണ് ഈ കത്ത് അയച്ചിരിക്കുന്നത്. 75 വര്‍ഷം മുമ്പ് നടത്തിയ ഒരു മോഷമാണ് പേര് വെളിപ്പെടുത്താത്ത ഇയാള്‍ ചെയ്തിരിക്കുന്ന കുറ്റം. നഗര ഭരണാധികാരികള്‍ സ്ഥാപിച്ച ഒരു സ്‌റ്റോപ് എന്നെഴുതിയ ട്രാഫിക് സുചനാ ബോര്‍ഡ് അടിച്ചു മാറ്റിയതാണ് മുക്കാല്‍ നൂറ്റാണ്ടോളം കാലം വയോധികനെ അലട്ടിയത്. ഒടുവില്‍ 50 ഡോളറിന്റെ ഒരു നോട്ടും മോഷണക്കുറ്റം ഏറ്റു പറഞ്ഞുള്ള ക്ഷമാപണ കത്തും മിഡ്‌വെയ്ല്‍ സിറ്റി പൊതുമരാമത്ത് വിഭാഗത്തിന് ഇയാള്‍ അയക്കുകയായിരുന്നു. 

ഈ കത്ത് അധികൃതര്‍ ട്വിറ്റര്‍ പോസ്റ്റ് ചെയ്തു. അന്തംവിട്ടു നടന്ന യുവത്വ കാലത്ത് ചെയ്ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്നും കത്തില്‍ വയോധികന്‍ പറയുന്നു. 'എനിക്കിപ്പോള്‍ 90 ആകാറായി. ജീവിതത്തില്‍ ചെയ്ത് തെറ്റുകള്‍ ഓര്‍ത്തെടുത്തു കൊണ്ടിരിക്കുകയാണ് ഞാന്‍. കഴിയുന്നത്ര തെറ്റുകള്‍ക്ക് നഷ്ടപരിഹാരം ചെയ്യാന്‍ ശ്രമിക്കുന്നു. ചെറുപ്പ കാലത്ത് ചെയ്ത തെറ്റുകള്‍ എന്നെ അലട്ടുന്നു. ദൈവം എനിക്കു പൊറുത്തു തരട്ടെ. എന്നോട് ക്ഷമിക്കണം,'  കത്തില്‍ വയോധികന്‍ പറയുന്നു. 

ഈ കത്തിനൊപ്പമുള്ള തുക ഒരു സ്‌റ്റോപ് അടയാളം സ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ദുഃഖിതനായ ഒരു പൗരന്‍ എന്നു മാത്രമെ  കത്തില്‍ ഇദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുള്ളൂ. നന്ദി അറിയിക്കാന്‍ ഒരുങ്ങിയ അധികൃതര്‍ വയോധികനെ തിരിച്ചറിയാനാകാതെ കാത്തിരിക്കുകയാണ്.
 

Latest News