Sorry, you need to enable JavaScript to visit this website.

മൈക്രോസോഫ്റ്റിനെ പിന്തള്ളി അറാംകൊ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി

റിയാദ് - മൈക്രോസോഫ്റ്റിനെ പിന്തള്ളി സൗദി അറാംകൊ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി മാറി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറാംകൊയുടെ വിപണി മൂല്യം 2.11 ട്രില്യൺ ഡോളർ (7.92 ട്രില്യൺ റിയാൽ) ആണ്. ഓഹരി വില 36 റിയാലിലെത്തിയതോടെയാണിത്. 
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ആപ്പിൾ ആണ്. ആപ്പിൾ കമ്പനിയുടെ വിപണി മൂല്യം 2.6 ട്രില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്ത് സൗദി അറാംകൊ ആണ്. മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണി മൂല്യം 2.05 ട്രില്യൺ ഡോളറാണ്. സൗദി അറാംകൊയുടെ നാലു ശതമാനം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള സനാബിൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് മാറ്റിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ശേഷം സൗദി അറാംകൊ ഓഹരികൾ തുടർച്ചയായ നേട്ടങ്ങൾ കൊയ്തു. 
കഴിഞ്ഞ കൊല്ലം അറാംകൊ 604 ബില്യൺ റിയാൽ ലാഭം നേടിയിരുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കമ്പനി ലാഭം 46.5 ശതമാനം തോതിൽ വർധിച്ചു. 2021 ൽ സൗദി അറാംകൊ 412.4 ബില്യൺ റിയാലാണ് ലാഭം നേടിയത്. കഴിഞ്ഞ വർഷം നാലാം പാദത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് 73.15 ബില്യൺ റിയാൽ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ വിതരണം ചെയ്ത ലാഭവിഹിതത്തേക്കാൾ നാലു ശതമാനം കൂടുതലാണിത്. 
ലോകത്തെ ഏറ്റവും വലിയ പത്തു കമ്പനികളുടെ ആകെ വിപണി മൂല്യം 12.08 ബില്യൺ ഡോളറാണ്. ആപ്പിളും അറാംകൊയും മൈക്രോസോഫ്റ്റും മാത്രമാണ് ലോകത്ത് രണ്ടു ട്രില്യൺ ഡോളറിലേറെ വിപണി മൂല്യമുള്ള കമ്പനികൾ. ഒരു ട്രില്യൺ ഡോളറിലേറെ വിപണി മൂല്യമുള്ള രണ്ടു കമ്പനികളുമുണ്ട്. ലോകത്ത് ഒരു ട്രില്യൺ ഡോളറിലേറെ വിപണി മൂല്യമുള്ള അഞ്ചു കമ്പനികളാണ് ആകെയുള്ളത്. അൽഫാബെറ്റ് ഗൂഗിൾ കമ്പനിയുടെ വിപണി മൂല്യം 1.32 ട്രില്യൺ ഡോളറും ആമസോൺ കമ്പനി വിപണി മൂല്യം 1.05 ട്രില്യൺ ഡോളറും ബെർക്‌ഷെയർ ഹാഥവേ കമ്പനിയുടെ വിപണി മൂല്യം 717 ബില്യൺ ഡോളറും നിവീഡിയ കമ്പനി വിപണി മൂല്യം 648 ബില്യൺ ഡോളറും ഫെയ്‌സ്ബുക്ക് (മെറ്റ) വിപണി മൂല്യം 532 ബില്യൺ ഡോളറും ജോൺസൻ ആന്റ് ജോൺസൻ കമ്പനി വിപണി മൂല്യം 515 ബില്യൺ ഡോളറും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ വിപണി മൂല്യം 509 ബില്യൺ ഡോളറുമാണ്.
 

Latest News