കൊച്ചി - പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തോരാത്ത കണ്ണീരുമായി ഹൃദയം തകര്‍ന്ന് സെബല്ലയും മരീറ്റയും ഒടുവില്‍ നാടണഞ്ഞു. സുഡാനിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ വെടിയേറ്റു മരിച്ച കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സെബല്ല മകള്‍ മരീറ്റ എന്നിവരാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ വിദേശകാര്യ മന്ത്രാലയം ഒരുക്കിയ വാഹനത്തില്‍ സ്വന്തം നാടായ കണ്ണൂരിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ സെബെല്ലയും മകളും സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയത്. ഇവരെ ജിദ്ദ വിമാനത്താവളത്തില്‍ മന്ത്രി വി.മുരളീധരന്‍ സ്വീകരിച്ചിരുന്നു. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഖാര്‍ത്തൂമിലെ ആശുപത്രിയിലാണുള്ളത്.
സുഡാനില്‍ കലാപം രൂക്ഷമായതിന്റെ ആദ്യനാളുകളിലാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍നിന്ന് പുറത്തേക്ക് നോക്കി ഫോണ്‍ ചെയ്തുകൊണ്ടിരിക്കെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുമ്പോള്‍ സെബല്ലയും മകള്‍ മരീറ്റയും തൊട്ടടുത്തുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് സെബല്ലയും മരീറ്റയും അവധിക്കാലം ചെലവിടാനായി സുഡാനിലേക്ക് പോയത്. അവധിക്ക് ശേഷം മൂവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വിമക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
സുഡാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘവും ഇന്ന് കേരളത്തിലെത്തി. ഇന്നലെ രാത്രി ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട് റോഷല്‍ ആലപ്പാട്ട് ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാര്‍ സ്വദേശി ജയേഷ് വേണു എന്നിവരുടെ സംഘമാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഉച്ചയോടെ തിരുവനന്തപുരത്തെത്തും.