ന്യൂദല്‍ഹി-കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള കേന്ദ്ര മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന പ്രതിനിധിയെ ദല്‍ഹിയില്‍ നിയോഗിക്കാന്‍ കേരളത്തോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു സെപ്റ്റംബറില്‍ തന്നെ സര്‍വീസ് ആരംഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വിദേശ വിമാന സര്‍വീസിനുള്ള തടസ്സങ്ങള്‍ നീങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിലവിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തും. പോര്‍ട്ട് ഓഫ് കോള്‍ ആയി പ്രഖ്യാപിച്ചാണ് തടസ്സങ്ങള്‍ നീക്കുക. പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും പിണറായി പറഞ്ഞു. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ ഉറപ്പ് ലഭിച്ചു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ വികസന പ്രശ്‌നവും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വികസനത്തിനായി ഭൂമി ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവില്‍ കുറവ് വരുത്താന്‍ സാധിക്കുമോയെന്ന് കേന്ദ്രം പരിശോധിക്കും. ഇതിനായി വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ ഇരു വിമാനത്താവളങ്ങളിലും സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.