പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗുരുദ്വാരയില്‍ തടഞ്ഞു

ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പ്രശസ്ത സിഖ് തീര്‍ത്ഥാടന കേന്ദ്രമായ പഞ്ച സാഹിബ് ഗുരുദ്വാരയില്‍ പ്രവേശിപ്പിച്ചില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ബിസാരിയയെ പാക് അധികൃതര്‍ തടഞ്ഞത്. ഇസ്ലാമാബാദിനടുത്ത ഹസന്‍ അബ്ദലിലെ ഗുരുദ്വാര സന്ദര്‍ശനത്തിന് ഹൈക്കമ്മീഷണര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. തന്റെ ജന്മദിനത്തില്‍ ഭാര്യയ്ക്കും ഏതാനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് ബിസാരിയ ഗുരുദ്വാരയിലെത്തിയത്.

സംഭവത്തില്‍ ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സെയ്ദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ബിസാരിയയ്ക്ക് പഞ്ച് സാഹിബ് ഗുരുദ്വാരയില്‍ പ്രവേശനം നിഷേധിക്കുന്നത്. ഗുരുദ്വാരയിലെ ഇന്ത്യന്‍ തീര്‍ത്ഥാടകരെ സന്ദര്‍ശിക്കാന്‍ ബിസാരിയ ശ്രമിച്ചതും പാക് അധികൃതര്‍ തടഞ്ഞിരുന്നു.
 

Latest News